സ്വന്തം ലേഖകൻ: നാടകീയതയ്ക്കും റിസോര്‍ട്ട് രാഷ്ട്രീയത്തിനൊമൊടുവില്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നിമയസഭയില്‍ വിശ്വാസം നേടി. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി നല്‍കി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി അവരുടെ മൂന്ന് എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നു.
വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകള്‍ക്ക് പാസായി. മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ജെഡിയു-ബിജെപി സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
തുടര്‍ന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ 129 എംഎല്‍എമാരുടെ പിന്തുണ നേടിയാണ് നിതീഷ് സര്‍ക്കാര്‍ ബിഹാര്‍ നിയമസഭയുടെ വിശ്വാസം നേടിയത്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപോയി. ആര്‍ജെഡി എംഎല്‍എമാരായ ചേതന്‍ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് നിയമസഭയിലെത്തി ഭരണപക്ഷത്തിനൊപ്പം ചേര്‍ന്നത്.
ഇന്ത്യ സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായതിനു പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ബിഹാറില്‍ വന്‍ നാടകീയതയാണ് അരങ്ങേറിയത്. ജെഡിയുവിന്റെ ബിജെപിയുടെയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ആര്‍ജെഡി എംഎല്‍എമാരും ഇടതുപക്ഷ എംഎല്‍എമാരും മുന്‍ മുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലാണ് തമ്പടിച്ചത്.
ദിവസങ്ങള്‍ക്ക് മുന്നേ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്നലെ രാത്രിയോടെ പട്നയിലേക്കെത്തിച്ചത്. ഞായറാഴ്ച രാത്രിയില്‍ തേജസ്വി യാദവിന്റെ വീടിന് മുന്നില്‍ നാടീകയത സൃഷ്ടിച്ച് വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചു. അഞ്ച് ജെഡിയു എംഎല്‍എമാരെ കാണാനില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു പോലീസ് സംഘം തേജസ്വിയുടെ വീട്ടിലേക്കെത്തിയത്.
ആര്‍ജെഡി എംഎല്‍എ ചേതന്‍ ആനന്ദിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് തേജസ്വിയുടെ വീട്ടിലെത്തിയതെന്നായിരുന്നു പോലീസിന്റെ വിദശീകരണം. വിശ്വാസവോട്ടെടുപ്പിനായി ഇന്ന് നിയമസഭ ചേര്‍ന്നതോടെ ചേതന്‍ ആനന്ദ് മറ്റു രണ്ട് ആര്‍ജെഡി എംഎല്‍എമാര്‍ക്കൊപ്പം ഭരണപക്ഷത്ത് ഇരിക്കുന്നതാണ് കണ്ടത്.
ഒമ്പത് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രംകുറിച്ചതിന് നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നുവെന്ന പരിഹാസത്തോടെ തേജസ്വി യാദവ് പറഞ്ഞു. ഒറ്റ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിക്കാത്തതാണ്. നിതീഷ് ഇനിയും മറുകണ്ടം ചാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കുമോയെന്നും തേജസ്വി ചോദിച്ചു.
243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 122 സീറ്റുകളായിരുന്നു ആവശ്യം. ബി.ജെ.പി.-78, ജെ.ഡി.യു.-45, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച -4, സ്വതന്ത്ര എം.എല്‍.എ. സുമിത് സിങ് എന്നിങ്ങനെ എന്‍.ഡി.എ.യ്ക്ക് 128 സീറ്റുകളുണ്ടായിരുന്നു. ആര്‍.ജെ.ഡി. -79, കോണ്‍ഗ്രസ് -19, സി.പി.ഐ (എം.എല്‍) -12, സി.പി.ഐ.എം- 2, സി.പി.ഐ – 2, എ.ഐ.എം.ഐ.എം -1 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന് 115 സീറ്റുകളുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല