1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2019

സ്വന്തം ലേഖകൻ: ജാര്‍ഖണ്ഡില്‍ തന്റെ പാര്‍ട്ടി അടങ്ങുന്ന മഹാസഖ്യം വിജയത്തിലെത്തിയതോടെ ജയിലിലാണെങ്കിലും സജീവമായി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം അവശേഷിക്കേ പാര്‍ട്ടി പ്രവര്‍ത്തകരോട് ജാര്‍ഖണ്ഡില്‍ ചെയ്തതിനേക്കാള്‍ നാലുമടങ്ങ് അധികം ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ലാലുവിപ്പോള്‍.

കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് റാഞ്ചിയിലെ ജയിലിലാണ് ലാലു കഴിയുന്നത്. ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്ന മകന്‍ തേജസ്വി യാദവ് എത്തിയപ്പോഴാണ് ലാലു ഇക്കാര്യം പറഞ്ഞതെന്ന് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ജാര്‍ഖണ്ഡിലെ ഫലം ബിഹാറിലും പ്രതിഫലിക്കുമെന്നാണ് തേജസ്വി യാദവ് പറയുന്നത്. ആര്‍.ജെ.ഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ലാലു എത്തില്ലെന്ന് തേജസ്വി വ്യക്തമാക്കി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയകാര്യങ്ങളില്‍ ലാലു കൃത്യമായ നിലപാട് സ്വീകരിച്ചുകഴിഞ്ഞെന്ന സൂചനയാണ് തേജസ്വി നല്‍കിയത്.

ബിഹാര്‍ തിരിച്ചുപിടിക്കുക എന്നതു മാത്രമല്ല, ഉടന്‍ നടക്കാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തി മത്സരിക്കാനും ലാലു ആഗ്രഹിക്കുന്നതായി തേജസ്വി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു ദേശീയാധ്യക്ഷനുമായ നിതീഷ് കുമാറിന്റെ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീണിട്ടുണ്ടെന്ന് തേജസ്വി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും മുന്നണികള്‍ക്കു കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച അസദ്ദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന എ.ഐ.എം.ഐ.എമ്മുമായി ആദ്യമായി വേദി പങ്കിടാന്‍ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായും എന്‍.ആര്‍.സിക്കുമെതിരെ കിഷന്‍ഗഞ്ജില്‍ സംഘടിപ്പിക്കുന്ന റാലിയിലാണ് ഈ വേദി പങ്കിടല്‍.

ഈ റാലി സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണി ഉദയം ചെയ്യാനുള്ള സാധ്യത മുന്നോട്ടുവെക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ജിതന്‍ റാം മഞ്ജി കുറച്ചു നാളുകളായി മഹാസഖ്യവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ആര്‍.ജെ.ഡി പ്രധാന വിഷയങ്ങളില്‍ തന്നോട് അഭിപ്രായം തേടുന്നില്ലെന്നും തന്റെ പാര്‍ട്ടിയെ തഴയുന്നുമെന്നാണ് ജിതന്‍ റാം മഞ്ജിയുടെ പരാതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.