1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2020

സ്വന്തം ലേഖകൻ: ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തോടെ ഇന്ത്യയിൽ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും ആധാറിനേയും പരാമർശിച്ചുകൊണ്ടായിരുന്നു ബിൽ ഗേറ്റ്സിന്റെ അഭിപ്രായപ്രകടനം.

ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ബാങ്കുകൾ തമ്മിലോ, അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുളള സംവിധാനവുമുൾപ്പടെ ആഗോള തിരിച്ചറിയലിനും ഡിജിറ്റൽ പേമെന്റിനുമായി ഇന്ത്യ ഉത്‌കർഷേച്ഛയുളള വേദികൾ നിർമിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഈ നയങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് സഹായം വിതരണം ചെയ്യുന്നതിനുളള ചെലവ് ഗണ്യമായി കുറച്ചു, പ്രത്യേകിച്ച് മഹാമാരിയുടെ സമയത്ത്. ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാൻ ആളുകൾ പോകുന്നുണ്ടെങ്കിൽ അവർ ഇന്ത്യയെ ഉറ്റുനോക്കണമെന്ന് ഞാൻ പറയും. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നത്, ആ വ്യവസ്ഥിതിക്ക് ചുറ്റുമുളള നവീകരണങ്ങൾ അസാധാരണമാണ്. – ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു മികച്ച മാതൃകയാണ്. ഓപ്പൺസോഴ്സ് സാങ്കേതികതയുടെ അടിസ്ഥാനത്തിൽ സമാനമായ വ്യവസ്ഥിതികൾ അവതരിപ്പിക്കാൻ മതിയായ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടില്ലാത്ത മറ്റുരാജ്യങ്ങളെ തങ്ങളുടെ സംഘടന സഹായിച്ചുവരികയാണെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിരോധ വാക്സിൻ വേഗത്തിൽ വികസിപ്പിച്ചെടുക്കാനായതിലും ബിൽ ഗേറ്റ്സ് സന്തോഷം പ്രകടിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിനായി അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ ആറ് ചികിത്സാരീതികള്‍ ഉണ്ടായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു സുപ്രധാനനേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘റിമോട്ട് ലേണിങ്, ടെലിമെഡിസിൻ, ഡിജിറ്റൽ പണമിടപാടുകൾ തുടങ്ങി ഡിജിറ്റൽ കാര്യങ്ങൾ മൊത്തത്തിൽ വളരെയധികം പുരോഗമിച്ചു. മഹാമാരി ഭീതിജനകമായിരുന്നുവെങ്കിലും അത് ഇത്തരത്തിലുളള ചില നവീകരണങ്ങളിലേക്കാണ് നമ്മെ എത്തിച്ചത്, വേഗത്തിലുളള പ്രതിരോധവാക്സിൻ ഉൾപ്പടെ.

ആർക്കാണ് കൊവിഡ് വാക്സിൻ ലഭിക്കേണ്ടതെന്ന് ലോകത്തെ സാമ്പത്തികശക്തിയായ രാജ്യങ്ങൾ തീരുമാനിക്കരുതെന്നും തുല്യത ഉറപ്പാക്കണം. വാക്സിനുകൾക്ക് 2022 ഓടെ കൊറോണ വൈറസിന്റെ അവസാനം കുറിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മഹാമാരി വന്നേക്കാമെന്ന കാര്യം നാം മറന്നുകൂട. അതിനാൽ നാം അതിനായി നിക്ഷേപം നടത്തുകയും തയ്യാറായി ഇരിക്കുകയും വേണം.’ ബിൽ ഗേറ്റ്സ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.