1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2021

സ്വന്തം ലേഖകൻ: മെലിന്‍ഡയും ബില്‍ ഗേറ്റ്‌സും തമ്മിലുള്ള വിവാഹ ബന്ധം തകരാന്‍ കാരണമായത് ബില്‍ ഗേറ്റ്‌സിനു ബാലപീഡകന്‍ ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. കൗമാരക്കാരികളായ പെണ്‍കുട്ടികളെ പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്ന കേസിലെ പ്രതിയായിരുന്നു എപ്‌സ്റ്റെയിന്‍. 2019ല്‍ ഇയാള്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു.

തനിക്ക് എപ്‌സ്റ്റെയിനുമായി കച്ചവടബന്ധമോ സൗഹൃദമോ ഇല്ലെന്നായിരുന്നു 2019ല്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞത്. എന്നാല്‍, 2011 മുതല്‍ ബില്‍ ഗേറ്റ്‌സും എപ്‌സ്റ്റെയിനും തമ്മില്‍ പരിചയമുണ്ടായിരുന്നു. എപ്‌സ്റ്റെയിന്‍ അറസ്റ്റിലാവുന്നതുവരെ പലപ്പോഴും ഇരുവരും കാണുകയും ചെയ്തിരുന്നു. 2013 മുതല്‍ തന്നെ എപ്‌സ്റ്റെയിനുമായുള്ള ബന്ധത്തെക്കുറിച്ച് ബില്‍ ഗേറ്റ്‌സിന് മെലിന്‍ഡ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലസ്‌കര്‍ ബ്ലൂംബര്‍ഗ് പുരസ്‌കാരം വാങ്ങിയ ശേഷം 2013 സെപ്റ്റംബറില്‍ ബില്‍ ഗേറ്റ്‌സും ഭാര്യയായിരുന്ന മെലിന്‍ഡയും പോകുന്നത് എപ്‌സ്റ്റെയിന്റെ അപ്പാര്‍ട്ടുമെന്റിലേക്കാണ്. എപ്‌സ്റ്റെയിനുമായുള്ള ബന്ധത്തില്‍ പല തവണ മെലിന്‍ഡ നീരസം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതും ബില്‍ ഗേറ്റ്‌സുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നുമാണ് സൂചനകള്‍.

അതേസമയം, എപ്‌സ്റ്റെയിനുമായുള്ള ബന്ധത്തില്‍ ബില്‍ ഗേറ്റ്‌സ് പശ്ചാത്തപിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വക്താവായിരുന്ന ബ്രിജിത്ത് അര്‍ണോള്‍ഡ് പ്രതികരിച്ചിട്ടുള്ളത്. 2002-2005 കാലത്ത് 14 വയസിന് താഴെ പോലും പ്രായമുള്ള പെണ്‍കുട്ടികളെ വരെ പണവും മറ്റു പ്രലോഭനങ്ങളും നല്‍കി വശത്താക്കി പീഡിപ്പിക്കുകയും ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്നതാണ് എപ്‌സ്റ്റെയിനെതിരായ കുറ്റം. ഏതാണ്ട് 80 ലധികം സ്ത്രീകളാണ് തങ്ങളെ എപ്‌സ്റ്റെയിന്‍ അവിഹിതബന്ധങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.

പീഡന കേസില്‍ മാന്‍ഹാട്ടന്‍ ജയിലില്‍ കഴിയവേ 2019 ഓഗസ്റ്റ് പത്തിന് എപ്‌സ്റ്റെയിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 27 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നതായി മെയ് മൂന്നിനാണ് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും അറിയിച്ചത്. മെലിന്‍ഡ നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ ‘വീണ്ടെടുക്കാനാവത്ത വിധം തകര്‍ന്ന’ എന്നാണ് ബില്‍ ഗേറ്റ്‌സുമായുള്ള ബന്ധത്തെ മെലിന്‍ഡ വിശേഷിപ്പിക്കുന്നത്.

ഇവര്‍ ബന്ധം പിരിഞ്ഞതോടെ ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ബില്‍ ആൻഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഘടനയിലും മാറ്റം വരും. ഫോബ്‌സ് കണക്കുകള്‍ പ്രകാരം ഏതാണ്ട് 124 ബില്യണ്‍ ഡോളറാണ് (ഏകദേശം 90 ലക്ഷം കോടി രൂപ) ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും താമസിച്ചിരുന്ന വാഷിങ്ടണിലെ നിയമം അനുസരിച്ച് വിവാഹ ശേഷം ആര്‍ജ്ജിക്കുന്ന സ്വത്തില്‍ ദമ്പതികള്‍ക്ക് തുല്യ അവകാശമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.