1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ സെന്‍ട്രല്‍ ബയോമെട്രിക് ഡാറ്റാബേസിനായി വിരലടയാളം ശേഖരിക്കുന്ന പദ്ധതി നേരത്തേ തീരുമാനിച്ചത് പ്രകാരം ജൂണ്‍ മാസത്തോടെ തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത് അധികൃതര്‍. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 20 ലക്ഷം പേര്‍ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി നാലു ലക്ഷത്തോളം പേരാണ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്.

ഇതിന്റെ ഭാഗമായി ബയോമെട്രിക് രജിസ്‌ട്രേഷന്‍ സെന്ററുകളില്‍ നേരിട്ടെത്താന്‍ പ്രയാസമുള്ളവര്‍ക്കായി വീടുകളില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കും. രോഗികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. നിലവില്‍ ബയോമെട്രിക് രജിസ്‌ട്രേഷനു വേണ്ടി മാത്രം ആറ് പ്രത്യേക സെന്ററുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതിനു പുറമെ, രാജ്യത്തെ നാല് മാളുകളിലും ഈ സേവനം ലഭ്യമാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിമാനത്താവളം, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലും ബയോമെട്രിക് രജിസ്‌ട്രേഷനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂണില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സാഹില്‍ ആപ്പ് വഴിയോ മെറ്റ പ്ലാറ്റ്‌ഫോം വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ബയോമെട്രിക് കേന്ദ്രങ്ങളില്‍ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാന്‍ കഴിയും. രജിസ്‌ട്രേഷന്റെ ഭാഗമായി വിരലടയാളം എടുക്കുന്നതിനു പുറമെ, കണ്ണും മുഖവും സ്‌കാന്‍ ചെയ്യും. മുഖത്തിന്റെ ഫോട്ടോ എടുക്കുന്നതോടൊപ്പം ഡിജിറ്റല്‍ സിഗ്നേച്ചറും രേഖപ്പെടുത്തും.

രാജ്യത്തെ മുഴുവന്‍ പൗരന്‍മാരുടെയും താമസക്കാരുടെയും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉതകുന്ന ബയോമെട്രിക് സംവിധാനം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് പിടികൂടപ്പെട്ട് രാജ്യത്തില്‍ നിന്ന് നാടുകടത്തപ്പെട്ടവര്‍ വ്യാജ പാസ്‌പോര്‍ട്ടുകളും രേഖകളും ഉപയോഗിച്ച് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.

നിശ്ചിത സമയത്തിനുള്ളില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങളെല്ലാം താല്‍ക്കാലികമായി തടഞ്ഞുവയ്ക്കപ്പെടുമെന്ന് മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ വീസ നടപടികള്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ തടസ്സപ്പെടും.

നിലവില്‍ രാജ്യത്തിന് പുറത്തുള്ള ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത പ്രവാസികള്‍ക്ക് ജൂണിന് ശേഷവും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ തടസ്സമില്ലെന്നും എന്നാല്‍ അവര്‍ രാജ്യത്തെത്തിയ ഉടന്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനു ശേഷം മാത്രമേ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.