1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2021

സ്വന്തം ലേഖകൻ: മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷൻ സംഘടിപ്പിച്ച യു.എ.ഇ. ഇന്നൊവേറ്റ്‌സ് അവാർഡ് 2021-ൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം. സർക്കാർ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതികവിദ്യ കാറ്റഗറിയിലാണ് സ്മാർട്ട് ട്രാവലിന് അവാർഡ് ലഭിച്ചത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ആണ് ഇത് നടപ്പാക്കിയത്.

എക്സ്‌പോ-2020 ടെറ സസ്റ്റൈനബിലിറ്റി പവിലിയനിൽ നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ. മേധാവി മേജർ ജനറൽ മുഹമ്മദ് അഹമദ് അൽ മർറി അവാർഡ് ഏറ്റുവാങ്ങി. വിവിധ രംഗങ്ങളിലെ നൂതന ആശയങ്ങളുടെ അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ മൂന്നിലെ ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാരുടെ പുറപ്പെടൽ ഭാഗത്താണ് ആദ്യ ഘട്ടത്തിൽ സംവിധാനം നിലവിലുള്ളത്.

വിമാന യാത്രയ്ക്ക് പാസ്പോർട്ടോ, എമിറേറ്റ്‌സ് ഐ.ഡി.യോ ഉപയോഗിക്കാതെ യാതൊരു മനുഷ്യ ഇടപെടലുകളുമില്ലാതെ നടപടികൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന അതിനൂതന സംവിധാനമാണ് ബയോമെട്രിക് സ്മാർട്ട് ട്രാവൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞാണ് നടപടികൾ സാധ്യമാക്കുന്നത്.

ഇതിലൂടെ യാത്രചെയ്യാൻ ആദ്യ തവണ രജിസ്‌ട്രേഷൻ നിർബന്ധമാണ്. പിന്നീട് ബയോമെട്രിക് സംവിധാനത്തിലൂടെ നേരിട്ട് യാത്രാ നടപടികൾ നടത്താനാവും. 17 വയസ്സിന് മുകളിലുള്ളവർക്കാണ് രജിസ്റ്റർ ചെയ്യാനാവുക. ദുബായ് വിമാനത്താവളം വഴിയുള്ള യാത്രകൾ സുഗമമാക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് ജി.ഡി.ആർ.എഫ്.എ. ഒരുക്കിയിട്ടുള്ളത്.

സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികൾക്ക് വേഗമേറിയതായി സ്മാർട് ദുബായ് അസി.ഡയറക്ടർ ജനറൽ യൂനസ് അൽ നാസർ വ്യക്തമാക്കി. ദുബായിയെ സ്മാർട് ആക്കാനും കൂടുതൽ സന്തോഷകരമായ നഗരമാക്കാനും ഡിജിറ്റൽ വൽക്കരണം പ്രധാന പങ്കുവഹിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഡിസംബർ 12ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും സമ്പൂർണമായി ഡിജിറ്റൽ വൽക്കരിച്ച് പൂർണമായും കടലാസ് രഹിത വ്യവസ്ഥ നടപ്പാക്കാനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.