1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2021

സ്വന്തം ലേഖകൻ: ഹരിയാന സ്വദേശിയായ 11കാരൻ ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ചു മരിച്ചു. ഇതാദ്യമായാണ് ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ പക്ഷിപ്പനി മരണവും ഇതാണ്. ഡൽഹി എയിംസ് ആശുപത്രിയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. പൂനയെിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് കുട്ടിയുടെ ശരീരത്തിൽ എച്ച്5എൻ1 വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കുട്ടിയ്ക്ക് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം വന്നതിനു പിന്നാലെ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാംപിള്‍ അയച്ചു പരിശോധിക്കുകയായിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ജൂലൈ രണ്ടിനായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുമായി സമ്പര്‍ക്കത്തിൽ വന്ന ജീവനക്കാരെ നിരീക്ഷത്തിലാക്കി. കുട്ടിയുടെ വീടിനു സമീപത്ത് കൂടുതൽ പക്ഷിപ്പനി കേസുകളുണ്ടോ എന്നു പരിശോധിക്കാനായി നാഷണൽ സെൻ്റര്‍ ഫോര്‍ ഡിസീസ് കൺട്രോള്‍ സംഘം ഹരിയാനയിലെ ഗ്രാമത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

2021 ആദ്യ മാസങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഹരിയാനയിലും ഇത് സംഭവിച്ചിരുന്നു. എന്നാൽ മനുഷ്യര്‍ക്ക് അപകടം കുറഞ്ഞ എച്ച്5എൻ8 എന്ന വൈറസ് വകഭേദമായിരുന്നു ഈ പക്ഷികളിൽ കണ്ടെത്തിയത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയ്ക്ക് വിവിധ സംസ്ഥാനങ്ങളിൽ വളര്‍ത്തു കോഴികളെയും താറാവുകളെയും കൊന്നൊടുക്കുകയും ചെയ്തിരുന്നു.

ഡൽഹിയിൽ നിന്ന് പരിശോധിച്ച ചില സാംപിളുകളിലും പക്ഷിപ്പനി വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചില സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടിയെന്ന നിലയ്ക്ക് ചില പ്രദേശങ്ങളിൽ കോഴിയിറച്ചി വിൽപ്പനയും കുറച്ചു കാലത്തേയ്ക്ക് വിലക്കിയിരുന്നു. എച്ച്5എൻ1 വൈറസ് ബാധ മനുഷ്യരിൽ അപൂര്‍വമായി മാത്രമാണ് കാണുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

എന്നാൽ പക്ഷികളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഈ വൈറസ് ഗുരുതരമായ രോഗത്തിനും മരണത്തിനും കാരണമാകാറുണ്ട്. മനുഷ്യരിലേയ്ക്ക് വൈറസ് പകര്‍ന്നാലും മറ്റുള്ളവരിലേയ്ക്ക് വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണ്. പാചക ചെയ്ത ഭക്ഷണത്തിലൂടെ വൈറസ് പടരുമെന്നതിനും തെളിവില്ല. അതേസമയം, പക്ഷിപ്പനി വൈറസ് ബാധിച്ചവരിൽ മരണസാധ്യത 60 ശതമാനത്തോളമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.