1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി. കോഴിക്കോട് വേങ്ങേരിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെയുള്ള കോഴിഫാമിലും വീട്ടില്‍ വളര്‍ത്തുന്ന പക്ഷികള്‍ക്കുമാണ് രോഗം. രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലാനാണ് തീരുമാനം.

ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പക്ഷികളെ ചുട്ടുകൊല്ലുന്നത്. കളക്ട്രേറ്റില്‍ റവന്യൂ-അരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ യോഗം ചേരും. മാത്രമല്ല, 25 പ്രതിരോധ സംഘങ്ങളെ മേഖലയില്‍ വിന്യസിക്കാനും തീരുമാനിച്ചു

വെസ്റ്റ് കൊടിയത്തൂരിലെ കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലെ വളര്‍ത്തുപക്ഷികള്‍ക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്തു. ആശങ്കപ്പെടാനില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. എങ്കിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് പരിശോധന ശക്തിപ്പെടുത്താനും തീരുമാനമായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പക്ഷിപ്പനി സംശയം ഉയര്‍ന്നത്. കണ്ണൂര്‍ മേഖലാ ലബോറട്ടറിയില്‍ സാംപിള്‍ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വേണ്ടി സാംപിള്‍ മധ്യപ്രദേശിലെ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പക്ഷിപ്പനി സംശയമുള്ള സ്ഥലത്തെ വളര്‍ത്തുപക്ഷികളെ മൊത്തം കൊന്നു കത്തിക്കും. ഞായറാഴ്ച രാവിലെ മുതല്‍ ഇതിന്റെ നടപടികള്‍ തുടങ്ങുമെന്ന് കോഴികകോട് കളക്ടര്‍ പറഞ്ഞു. കൊല്ലുന്നതിന് പുറമെ ഇവയുടെ കൂടും നശിപ്പിക്കും. പക്ഷിപ്പനി ബാധ കണ്ടെത്തിയ സ്ഥലത്ത് എല്ലാ കോഴിക്കടകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പറേഷനില്‍ 3524 കോഴികളെയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും കൊന്ന് കത്തിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി രാജു പറഞ്ഞു. 2016ല്‍ ഇതിന് മുമ്പ് കേരളത്തില്‍ പക്ഷപ്പിനി സ്ഥിരീകരിച്ചിരുന്നു. കുട്ടനാട്ടിലെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം. തുടര്‍ന്ന് കൂട്ടമായി കത്തിക്കുകയായിരുന്നു.

2014 ലും കേരളത്തില്‍ പക്ഷി പനി സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി, പാലക്കാട്, തൃശൂര്‍, തുടങ്ങി നിരവധി ജില്ലകളില്‍ ഭീതി പടത്തിയ രോഗം ഫലപ്രദമായ പ്രതിരോധത്തിലൂടെ മറികടക്കുകയായിരുന്നു. രോഗ ബാധയെ തുടര്‍ന്ന് കോഴിയും താറാവും ഉള്‍പ്പെടെയുള്ള പക്ഷികള്‍ ചത്തൊടുങ്ങുകയും ഇത് കര്‍ഷക ജീവിതത്തെ വലിയ പ്രതിസന്ധിയിലാഴ്ത്തുകയും ഉണ്ടായി. പക്ഷി പനി നേരത്തെ മനുഷ്യ ശരീരത്തേയും ബാധിച്ചിരുന്നു. രോഗത്തെ മറികടക്കാന്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ നോക്കാം.

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷി പനി. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എന്ന വൈറസാണ് രോഗം പരത്തുന്നത്. സാധാരണ ഗതിയില്‍ പക്ഷികളിലാണ് രോഗം കണ്ടുവരുന്നതെങ്കിലും ഇത് മനുഷ്യരിലും മറ്റ് ജന്തുക്കളിലും പടരാനുള്ള സാധ്യതയുണ്ട്. രോഗം ബാധിച്ചാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. പക്ഷിപനിയുടെ എച്ച്5എ1 എന്ന ഇനമാണ് സാധാരണയായി കണ്ടുവരുന്നത്.

പലതരത്തിലുള്ള പക്ഷിപനികള്‍ കണ്ടെത്തിയിട്ടുണ്ട്. 1997 ലാണ് ലോകാരോഗ്യ സംഘടന മനുഷ്യനില്‍ എച്ച്5എന്‍1 ആദ്യമായി സ്ഥിരീകരിച്ചത്. ഹോങ്കോങ്ങിലാണ് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ അറുപത് ശതമാനം പേരും മരണപ്പെട്ടിരുന്നു.

കഫക്കെട്ട്, പനി, തലവേദന, പേശികളില്‍ വേദന, മൂക്കൊലിപ്പ്, തൊണ്ട വേദന എന്നിവയാണ് മനുഷ്യനില്‍ കണ്ടുവരാറുള്ള പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍. ചിലരില്‍ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളും കാണാനിടയുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്.

സാധാരണഗതിയില്‍ രോഗം ബാധിച്ച പക്ഷികളില്‍ നിന്നാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. പക്ഷിയുടെ വിസജ്യത്തിലൂടെയോ മറ്റു സ്രവങ്ങളിലൂടെയോ രോഗം പകരാം. പക്ഷികളുമായി നിരന്തരം ഇടപെടുന്നവരിലാണ് രോഗ സാധ്യത കൂടുതല്‍. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുക, രോഗം ബാധിച്ച പക്ഷികളുടെ മാംസവും മുട്ടയും വേവിക്കാതെ കഴിക്കുക, രോഗിയെ പരിചരിക്കുന്നവര്‍ തുടങ്ങിയവരിലാണ് രോഗം പടരാനുള്ള സാധ്യത കൂടുതല്‍. അതോസമയം നിശ്ചിത താപ നിലയില്‍ വേവിക്കുന്ന മാംസ്യം, മുട്ട തുടങ്ങിയവ കഴിക്കുന്നതിലൂടെ രോഗം പടരില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.