1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2024

സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കൗണ്‍സില്‍ ടാക്സില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുന്നു. 300 മില്യണ്‍ പൗണ്ടിന്റെ ബജറ്റ് സേവിംഗ്സ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. തെരുവു വിളക്കുകള്‍ മങ്ങിക്കത്തിക്കും. കൂടാതെ മാലിന്യ ശേഖരണം രണ്ടാഴ്ച്ചയില്‍ ഒരിക്കലാക്കും. അതുപോലെ ശവസംസ്‌കാര ചടങ്ങുകള്‍ക്കും നിരക്ക് വര്‍ദ്ധിക്കും. ഏതാണ്ട് 600 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അധികൃതര്‍ പറയുന്നു.

2024 – 25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും അതുപോലെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും 150 മില്യണ്‍ പൗണ്ട് വീതം ചെലവ് കുറക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇന്നലെ കൗണ്‍സില്‍ പിറത്തുവിട്ടു. 2025- 2026 ല്‍ ആയിരിക്കും രണ്ടാഴ്ച്ചയിലൊരിക്കലുള്ള മാലിന്യ ശേഖരണം ആരംഭിക്കുക എന്നാല്‍, ചെലവ് കുറയ്ക്കുന്നതിനുള്ള മറ്റ് നടപടികള്‍ എല്ലാം തന്നെ ഉടനെ ആരംഭിക്കും.

തെരുവു വിളക്കുകള്‍ മങ്ങിയ പ്രകാശത്തില്‍ കത്തിക്കുക വഴി പ്രതിവര്‍ഷം ഒരു മില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈവേ പരിപാലനത്തില്‍ പണം ചെലവാക്കുന്നത് നിര്‍ത്തലാക്കിയാല്‍ 12 മില്യണ്‍ പൗണ്ട് വരെ ലാഭിക്കാന്‍ കഴിയും. അഡള്‍ട്ട് സോഷ്യല്‍ കെയര്‍ മേഖലയില്‍ 23.7 മില്യണ്‍ പൗണ്ടിന്റെ കുറവ് അടുത്ത വര്‍ഷം വരുത്തും അതേസമയം ചില്‍ഡ്രന്‍സ് യംഗ് പീപ്പിള്‍ ആന്‍ഡ് ഫാമിലി വകുപ്പില്‍ 5.15 മില്യണ്‍ പൗണ്ടിന്റെ ചെലവ് കുറയ്ക്കും.

അതുപോലെ, ചില്‍ഡ്രന്‍സ് ട്രാവല്‍ കോണ്‍ട്രാക്റ്റുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പുതുക്കിയാല്‍ പ്രതിവര്‍ഷം 13 മില്യണ്‍ പൗണ്ട് വരെ ലാഭിക്കാന്‍ കഴിയുമെന്നും കൗണ്‍സില്‍ കരുതുന്നു. അടുത്ത രണ്ട് വര്‍ഷത്തേക്ക് കൗണ്‍സില്‍ ടാക്സ് 10 ശതമാനം വീതം വര്‍ദ്ധിപ്പിക്കാനുള്ള അനുമതി, കഴിഞ്ഞ ജനുവരിയില്‍ കൗണ്‍സില്‍ തേടിയിരുന്നു. ഐ ടി സിസ്റ്റത്തില്‍ ഏതാണ്ട് 80 മില്യണ്‍ പൗണ്ടിന്റെ അധിക ചെലവ് വരികയും 760 മില്യണ്‍ പൗണ്ട് വരെയുള്ള കുടിശ്ശികകള്‍ വരികയും ചെയ്തതോടെയായിരുന്നു പാപ്പരാണെന്ന് പ്രഖ്യാപിക്കുന്ന സെക്ഷന്‍ 114 നോട്ടീസ് പുറപ്പെടുവിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.