1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2023

സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടം കയ്യന്‍ സ്പിന്നർമാരിലൊരാളായ ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു. 1967 മുതല്‍ 1979 വരെയാണ് അദ്ദേഹം ദേശീയ കുപ്പായത്തില്‍ കളത്തിലെത്തിയത്. ടെസ്റ്റില്‍ 28.71 ശരാശരിയില്‍ 266 വിക്കറ്റുകളാണ് ബേദി നേടിയത്. ഇതില്‍ 14 അഞ്ചു വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ ഏഴ് വിക്കറ്റാണ് സമ്പാദ്യം.

ഇന്ത്യൻ സ്പിൻ ബോളിങ്ങിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന താരങ്ങളിൽ ഈരപള്ളി പ്രസന്ന, ബി.എസ്. ചന്ദ്രശേഖർ, എസ്. വെങ്കടരാഘവൻ എന്നിവർക്കൊപ്പം ചേർത്തുവയ്ക്കാവുന്ന പേരാണ് ബിഷൻ സിങ് ബേദിയുടേത്. ഇന്ത്യയുടെ ആദ്യ ഏകദിന മത്സര വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ബേദിയുടെ ബോളിങ് മികവായിരുന്നു. 1975 ലെ ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെയായിരുന്നു ഇന്ത്യയുടെ വിജയം.

അമൃത്‍സറിൽ ജനിച്ച ബിഷൻ സിങ് ബേദി ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടിയാണു കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ താരമാണ് ബേദി. 370 മത്സരങ്ങളിൽനിന്നായി 1560 വിക്കറ്റുകൾ ബേദി നേടിയിട്ടുണ്ട്. ഡൽഹിക്കു പുറമേ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ടീം നോർത്താംപ്ടൻ ഷെയർ, നോർത്തേൺ‌ പഞ്ചാബ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

വിരമിച്ച ശേഷം പരിശീലകനായും മെന്ററായും ക്രിക്കറ്റിൽ തുടർന്നു. കമന്റേറ്ററായും പ്രവർത്തിച്ചു. ബേദിയുടെ കീഴീൽ ഡൽഹി രണ്ടു തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. 1978–79 സീസണിലും 1979–80 സീസണുകളിലുമായിരുന്നു അത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.