സ്വന്തം ലേഖകന്‍: അസ്തമിക്കുന്ന സൂര്യന് ചുവപ്പ് നിറം, ഉദിക്കുന്ന സൂര്യന് കാവിയുമെന്ന് മോദി; കേരളവും ബംഗാളും ഒഡിഷയും കൂടി പിടിച്ചാല്‍ ബിജെപിയുടെ സുവര്‍ണകാലമെന്ന് അമിത് ഷാ; ത്രിപുരയിലെ ജയം ആഘോഷമാക്കി ബിജെപി. ശൂന്യതയില്‍ നിന്ന് പരകോടിയിലേക്കുള്ള യാത്രയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ചുവന്ന നിറമാണ്. എന്നാല്‍ സൂര്യന്‍ ഉദിക്കുമ്പോള്‍ അതിന് കാവി നിറമായിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ വികസനത്തിന്റെ മുന്‍നിരയിലേക്ക് വന്നിരിക്കുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ‘ത്രിപുരയില്‍ ജയിച്ചവരുടെ എണ്ണം എനിക്കറിയില്ല. എന്നാല്‍ അവിടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ചെറുപ്പക്കാരാണ്. ചിലര്‍ തങ്ങളുടെ പ്രായക്കുറവ് കാരണം ജനങ്ങള്‍ തിരസ്‌കരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരിക്കുന്നു’ അദ്ദേഹം പറഞ്ഞു. കേരളം, ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. നേര്‍ക്ക് നേര്‍ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് എതിരാളികള്‍ അക്രമം നടത്തുന്നത്. നമ്മള്‍ ഇപ്പോഴും നിശബ്ദരായിരിക്കുകയാണ്. നടപടി എടുക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറയും പ്രതികാര നടപടിയെന്ന്. ഇത് പ്രതികാരമല്ല, രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള ചുവടുവെപ്പാണെന്ന് മോദി പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും ബിജെപിയുടെ സുവര്‍ണകാലഘട്ടം ഇനിയും ആരംഭിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലും ബംഗാളിലും ഒഡിഷയിലും കൂടി ഭരണം പിടിക്കുമ്പോള്‍ മാത്രമേ ബിജെപിയുടെ സുവര്‍ണ കാലഘട്ടം ആരംഭിക്കൂ എന്നും അമിത് ഷാ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഒരു ഭാഗത്തും യോജിച്ചവരല്ല ഇടതുപക്ഷമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം ജനങ്ങള്‍ അവരെ ബംഗാളില്‍നിന്ന് കെട്ടുകെട്ടിച്ചു. ഇപ്പോഴിതാ ത്രിപുരയില്‍നിന്നും അവര്‍ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ബിജെപിയുടെ വളര്‍ച്ചയുടെ ലക്ഷണമാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ബിജെപി അനുഭാവികളുടെ ട്രോളുകള്‍ നിറയുകയാണ്. അതേസമയം സിപിഎം അനുഭാവികളും മറുട്രോളുകളും പോസ്റ്റുകളും ട്വീറ്റുകളുമായി രംഗത്തുണ്ട്.
സിപിഎം ഇനി കേരളത്തിന്റെ ‘സ്വന്തം’ പാര്‍ട്ടിയായതിലാണു ട്രോളന്മാരുടെ പ്രധാന സന്തോഷം. ‘അതെ, മലയാളികളുടെ പാര്‍ട്ടി … മലയാളി പാര്‍ട്ടി…മലയാളികളുടെ അഭിമാനം’ എന്നു പറഞ്ഞു തന്നെ അവര്‍ ‘ആഘോഷിക്കുന്നു’. സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസ് പൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞു പ്രതിഷേധിക്കുന്ന ജനറല്‍ സെക്രട്ടറിയെയും ട്രോളുകളില്‍ കാണാം. ഒരു പടി കൂടി കടന്ന് ‘ചുവന്നകൊടി ഇനി റയില്‍വേയ്ക്കു സ്വന്തം’ എന്ന ട്രോളും ബിജെപി അനുഭാവികള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ആശുപത്രിയില്‍ കയ്യും കാലുമൊടിഞ്ഞു കിടക്കുന്ന ബംഗാളും ത്രിപുരയും നടത്തുന്ന സംസാരവും പ്രചരിക്കുന്നുണ്ട്: ഒരാള്‍ കൂടി വരാനുണ്ട്, അധികം വൈകാതെ വരുമെന്നാണ് ഇരു സംസ്ഥാനങ്ങളും കേരളത്തെ സൂചിപ്പിച്ചു പറയുന്നത്. എന്നാല്‍ ത്രിപുര കഴിഞ്ഞു ഇനി കേരളം എന്നു പറയുന്ന ബിജെപി പ്രവര്‍ത്തകനെ നോക്കി ചിരിക്കുന്ന മലയാളികളുമായുള്ള ട്രോളുമായാണ് സിപിഎമ്മിന്റെ പ്രതിരോധം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല