1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2017

സ്വന്തം ലേഖകന്‍: ബിജെപിയുമായുള്ള 25 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചതായി ശിവസേന. വരുന്ന മുംബൈ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും രണ്ടായി തന്നെ മല്‍സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധമാണ് ശിവസേന അവസാനിപ്പിക്കുന്നത്. ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇനി സഖ്യവുമായി മുന്നോട്ട് പോകില്ല. ഈ നിമിഷം മുതല്‍ പോരാട്ടം ആരംഭിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു. എന്‍സിപി നേതാവ് ശരദ് പവാറിന് പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനു പിന്നാലെയാണ് ഉദ്ധവിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

പ്രാദേശിക തിരഞ്ഞെടുപ്പില്‍ ബിജെപി, എന്‍സിപിയുമായി അടുക്കുന്നതിന്റെ സൂചനയാണ് പുതിയ ഈ നീക്കമെന്നാണ് കരുതുന്നത്. 2014ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോണ്‍ഗ്രസുമായുണ്ടായിരുന്ന സഖ്യം എന്‍സിപി പിരിഞ്ഞത്. പിന്നീട് ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളുടെ സൂചനയും ഉദ്ധവിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. ‘പത്മഅവാര്‍ഡുകളില്‍ ഒരെണ്ണം ഗുരുദക്ഷിണയാണ്’ എന്നാണ് ശരദ് പവാറിന്റെ പേര് പറയാതെ ഉദ്ധവിന്റെ പരാമര്‍ശം.

ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉദ്ധവ് താക്കറെ ഉന്നയിച്ചത്. ബിജെപിയില്‍ നിരവധി ഗുണ്ടകള്‍ ഉണ്ടായിരിക്കും പക്ഷേ, നമ്മള്‍ക്ക് സൈനികര്‍ ആണുള്ളത്. അവര്‍ക്ക് നമ്മുടെ സൈനികരുമായി പോരാടാന്‍ സാധിക്കില്ല. അതിനാലാണ് അവര്‍ ഗുണ്ടകളെ ഉപയോഗിക്കുന്നത്. നിങ്ങള്‍ എനിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ആരുടെയും വാതിലിനു മുന്നില്‍ കാരുണ്യത്തിനായി നില്‍ക്കേണ്ട കാര്യമില്ല. ശിവസേനയുടെ 50 വര്‍ഷത്തിനിടെ 25 കൊല്ലവും സഖ്യത്തിന്റെ പേരിലാണ് കളഞ്ഞത്. അധികാരത്തോട് അമിതമായ ആഗ്രഹമില്ലെന്നും ഉദ്ധവ് താക്കറെ അണികളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.