1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2017

സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ വിജയാരവത്തിനിടയിലും വോട്ട് ചോര്‍ച്ചയില്‍ പകച്ച് ബിജെപി, പൊരുതിത്തോറ്റ് കോണ്‍ഗ്രസ്, ഹിമാചല്‍ പ്രദേശില്‍ മധുര പ്രതികാരമായി ബിജെപി ഭരണം പിടിച്ചു. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്.

നിലവില്‍ 99 സീറ്റുകളില്‍ ബിജെപിയും 80 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്. 49.1 ശതമാനമാണ് ബിജെപിയുടെ വോട്ടുവിഹിതം. കോണ്‍ഗ്രസിന് കിട്ടിയത് 41.4 ശതമാനം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ദലിത് യുവനേതാവ് ജിഗ്‌നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ എന്നിവര്‍ വിജയിച്ചു.

ഗുജറാത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ (115) കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദങ്ങള്‍ ഫലിച്ചില്ല. ഒരു ഘട്ടത്തില്‍ അപ്രതീക്ഷിത ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നോക്കം പോയി. രാഷ്ട്രീയമായി വന്‍ നേട്ടമാണ് കോണ്‍ഗ്രസ് കൈവരിച്ചത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രണ്ടിടത്ത് ജയിച്ചു. എന്‍സിപിയും സ്വതന്ത്രനും ഓരോ സീറ്റ് നേടി.

ഹിമാചലില്‍ തുടക്കം മുതല്‍ ലീഡ് ഉറപ്പാക്കിയ ബിജെപി ആകെയുള്ള 68 സീറ്റുകളില്‍ 44 സീറ്റുകള്‍ നേടിയപ്പോള്‍ ഭരണകക്ഷി ആയിരുന്ന കോണ്‍ഗ്രസ് 21 സീറ്റിലൊതുങ്ങി. സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹയുടെ വിജയം ഇരു കക്ഷികളേയും ഞെട്ടിക്കുകയും ചെയ്തു. 1993നുശേഷം ആദ്യമായാണ് സംസ്ഥാനത്ത് സിപിഎം സ്ഥാനാര്‍ഥി വിജയിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധൂമല്‍ തോറ്റത് ബിജെപിക്കു തിരിച്ചടിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.