1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2020

സ്വന്തം ലേഖകൻ: കളഞ്ഞു പോയ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമാണ്.

മൊബൈല്‍ഫോണ്‍ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്താല്‍ ഈ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഫോണ്‍ മോഷ്ടിച്ചയാള്‍ക്കോ അത് കളഞ്ഞുകിട്ടിയ ആള്‍ക്കോ ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഈ വര്‍ഷം തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് വിവരം.

http://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്‌സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യണമെങ്കില്‍ ഫോണ്‍ നഷ്ടമായതായി ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

സിഇഐആര്‍ വെബ്‌സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍

ആദ്യം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഫോണ്‍ നഷ്ടപ്പെട്ടതായോ മോഷ്ടിക്കപ്പെട്ടതായോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ആ റിപ്പോര്‍ട്ടിന്റെ കോപ്പി കയ്യില്‍ കരുതുക. വെബ്‌സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിന് അത് ആവശ്യമാണ്. നഷ്ടപ്പെട്ട ഫോണിലെ സിംകാര്‍ഡുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകളും വാങ്ങണം.
പോലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, സാധിച്ചാല്‍ ഫോണ്‍ വാങ്ങിയ ബില്ല് എന്നിവ കയ്യില്‍ കരുതുക.

ഇതിന് ശേഷം ഫോണിന്റെ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക. മുകളില്‍ പറഞ്ഞ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം അറ്റാച്ച് ചെയ്യണം. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കണം, രണ്ട് നമ്പറുകളുണ്ടെങ്കില്‍ രണ്ടും. രണ്ട് സിംകാര്‍ഡ് സൗകര്യമുള്ള ഫോണ്‍ ആണ് നിങ്ങളുടേത് എങ്കില്‍ രണ്ട് ഐഎംഇഐ നമ്പറുകളും നല്‍കണം. ഫോണ്‍ വാങ്ങിയ പെട്ടിയില്‍ ഐഎംഇഐ നമ്പറുകള്‍ കാണാം.

ഫോണുകള്‍ വാങ്ങുമ്പോള്‍ എപ്പോഴും ഐഎംഇഐ നമ്പറുകള്‍ എവിടെയെങ്കിലും എഴുതി സൂക്ഷിച്ച് വെക്കുക. ഭാവിയില്‍ ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് അത് ഉപയോഗിക്കാം. ഫോണിന്റെ ബ്രാന്റ്, മോഡല്‍, പര്‍ചേസ് ഇന്‍വോയ്‌സ് എന്നിവയും നല്‍കുക. ഫോണ്‍ നഷ്ടമായ സ്ഥലവും, തീയ്യതിയും നൽകുക. ഫോണ്‍ ഉടമ അയാളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഈ ഐഡി ഉപയോഗിച്ച് ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാം.

ഫോണ്‍ തിരികെ ലഭിച്ചാല്‍ അക്കാര്യം ആദ്യം പോലീസില്‍ അറിയിക്കുക. അതിന് ശേഷം ഇതേ വെബ്‌സൈറ്റില്‍ തന്നെ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നല്‍കാം. അപേക്ഷ നല്‍കിക്കഴിഞ്ഞ് അണ്‍ബ്ലോക്ക് ഒഴിവാക്കാന്‍ സമയമെടുക്കും. അതിനാല്‍ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് വിവരം അന്വേഷിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.