
സ്വന്തം ലേഖകൻ: വാക്സിൻ സ്വീകരിച്ചവരിൽ ചിലർക്ക് രക്തം കട്ടപിടിച്ചതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ആസ്ട്രാസെനെക്കയുടെ കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവക്കുന്നത് തുടരുന്നു. അയർലണ്ട്, നെതർലാന്റ്സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഏറ്റവും ഒടുവിൽ രക്തം കട്ടപിടിക്കൽ ആശങ്കയെ തുടർന്ന് വാക്സിൻ നൽകുന്നത് താൽക്കാലികമായി മരവിപ്പിച്ചത്.
യൂറോപ്പിലാകട്ടെ ഡെൻമാർക്ക്, ഐസ്‌ലാന്റ്, നോർവേ എന്നീ രാജ്യങ്ങളെ പിന്തുടർന്ന് അസ്ട്രസേനക വാക്സിൻ താത്‌കാലികമായി നിറുത്തുന്ന അഞ്ചാമത്തെ രാജ്യമായി നെതർലാൻഡ്‌സ്. കൂടാതെ ഇറ്റലിയും ഓസ്ട്രിയയും ഒരു പ്രത്യേക ബാച്ച് വാക്സിൻ ജാബ് ഉപയോഗിക്കുന്നത് നിർത്തിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ വാക്സിൻ സുരക്ഷിതമാണെന്ന് ആസ്ട്രാസെനെക്ക ഉറപ്പ് നൽകി. യുകെയിൽ 17 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകിയതായും ഇതുവരെ രക്തം കട്ടപിടിക്കൽ സംബന്ധമായ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വാക്സിൻ നിർമ്മാണ കമ്പനി ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നത് സംബന്ധിച്ച കേസുകൾ വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു.
കൂടാതെ വാക്സിനാണ് നിലവിൽ രക്തം കട്ടപിടിക്കൽ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവർക്ക് പ്രശ്നമായതെന്നതിന് തെളിവുകളില്ലെന്നും കമ്പനി പറഞ്ഞു. ഇവർ വാക്സിൻ സ്വീകരിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട രക്തം കട്ടപിടിക്കുന്നവരുടെ എണ്ണം സാധാരണ ജനങ്ങളിൽ പ്രതീക്ഷിക്കുന്ന നൂറുകണക്കിന് കേസുകളേക്കാൾ കുറവാണെന്ന് ആസ്ട്രാസെനെക്കയുടെ ചീഫ് മെഡിക്കൽ ഓഫീസർ ആൻ ടെയ്‌ലർ വ്യക്തമാക്കി.
രക്തം കട്ടപിടിക്കുന്നതും അസ്ട്രാസെനെക്ക വാക്സിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ് ശാസ്ത്രജ്ഞരുടേയും അഭിപ്രായം. വാക്സിനേഷൻ മാറ്റി നിർത്തിയാൽ തന്നെ ഈ മേഖലകളിൽ രക്തം കട്ടപിടിക്കുന്നത് വളരെ സാധാരണമാണ്. കൂടാതെ ഒരു വാക്സിൻ ജാബ് ലഭിക്കുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഈ സംഭവങ്ങൾ ഒരുമിച്ച് വരുന്നതും സ്വാഭാവികമാണെന്നും വിദഗ്ദർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല