1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2021

സ്വന്തം ലേഖകൻ: ഓക്സ്ഫഡ്-ആസ്ട്രസെനക കോവിഡ് വാക്സിന്‍ ഉപയോഗം 60 വയസിന് മുകളിലുള്ള പൗരന്മാരിൽ മാത്രമായി പരിമിതപ്പെടുത്തി ജര്‍മ്മനി. ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. വാക്സിൻ കമ്മീഷന്‍റെ നിർദേശത്തെ തുടർന്നാണ് വാക്സിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

രക്തം കട്ടപിടിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് അപൂര്‍വ്വമാണെങ്കിലും ഗുരുതര പ്രശ്നമാണെന്ന് വിദ്ഗദര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ പറഞ്ഞു. നേരത്തെ കാനഡയും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ഏതാനും യൂറോപ്യൻ രാജ്യങ്ങളും ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ചിരുന്നു.

വാക്സിന്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയതോടെ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജർമനിയിൽ 27 ലക്ഷം പേര്‍ ആസ്ട്രസെനക വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതായി 31 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

എന്നാല്‍, ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഡോക്ടറുടെ വിശദ പരിശോധനയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഇന്ത്യയിൽ ഇത്തരം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആസ്ട്രസെനക വാക്സിൻ സുരക്ഷിതമാണെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

അതേസമയം ഓക്സ്ഫഡ്-അസ്ട്രാസെനെക കൊറോണ വൈറസ് വാക്സിനുകളുടെ ഫലപ്രാപ്തിയിൽ 100% ആത്മവിശ്വാസമുണ്ടെന്ന് ബ്രിട്ടൻ ആവർത്തിച്ച് വ്യക്തമാക്കി. “ഇത് സുരക്ഷിതമായ വാക്സിനാണ്, യുകെയിലെ വാക്സിൻ റോൾ ഔട്ട് എല്ലാ ദിവസവും രാജ്യത്തുടനീളം നിരവധി ആളുകളുടെ ജീവൻ രക്ഷിക്കുന്നു,” ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജെൻറിക് സ്കൈ ന്യൂസിനോട് പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതുവരെ വാക്സിൻ ലഭിച്ചതായും വലിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ രക്തം കട്ടപിടിക്കുന്ന സംഭവങ്ങളിൽ വർദ്ധനവുണ്ടായിട്ടില്ലെന്നും അസ്ട്രസെനെക പറഞ്ഞു. ജർമ്മൻ സർക്കാരുമായി സഹകരിക്കുന്നത് തുടരുമെന്നും ദശലക്ഷക്കണക്കിന് ആളുകളിൽ സ്വാഭാവികമായി സംഭവിക്കുന്നതിനേക്കാൾ കൂടുതൽ രക്തം കട്ടപിടിക്കൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് മനസിലാക്കാൻ സ്വന്തം രേഖകൾ വിശകലനം ചെയ്യുമെന്നും കമ്പനി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.