1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2023

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനായി ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ താരമാണ് ചാള്‍ട്ടണ്‍. ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാള്‍ട്ടണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയാണ് തന്റെ ഫുട്‌ബോള്‍ കരിയറിലെ ഭൂരിഭാഗം സമയവും മാറ്റിവെച്ചത്.

ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച ചാള്‍ട്ടണ്‍ 2015 വരെ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായിരുന്നു. 49 ഗോളുകളാണ് ചാള്‍ട്ടന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 2015-ല്‍ വെയ്ന്‍ റൂണിയാണ് ഈ റെക്കോഡ് പിന്നീട് മറികടന്നത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 758 മത്സരങ്ങള്‍ കളിച്ച് 249 ഗോളുകള്‍ നേടാന്‍ ചാള്‍ട്ടണ് സാധിച്ചു. യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ചാള്‍ട്ടണ്‍.

1966 ലോകകപ്പില്‍ ചാള്‍ട്ടന്റെ തകര്‍പ്പന്‍ പ്രകടന മികവിലാണ് ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയത്. ലോകകപ്പില്‍ മൂന്ന് തവണ വലകുലുക്കിയ ചാള്‍ട്ടണ്‍ ടീമിന്റെ ടോപ് സ്‌കോററുമായി. 1958-ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച താരം 1970 വരെ ദേശീയ ടീമിനുവേണ്ടി ബൂട്ടുകെട്ടി. 1956 മുതല്‍ 1973 മുതല്‍ ചാള്‍ട്ടണ്‍ യുണൈറ്റഡിനായി കളിച്ചു. യുണൈറ്റഡിനൊപ്പം എഫ്.എ കപ്പ്, എഫ ചാരിറ്റി ഷീല്‍ഡ്, യൂറോപ്യന്‍ കപ്പ് തുടങ്ങിയ കിരീടങ്ങള്‍ ചാള്‍ട്ടണ്‍ സ്വന്തമാക്കി.

ഫുട്‌ബോളില്‍ നിന്ന് വിരമിച്ചശേഷം 39-ാം വയസ്സില്‍ തന്നെ ചാള്‍ട്ടണ്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഡയറക്ടറായി. ദീര്‍ഘകാലം യുണൈറ്റഡിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ച ചാള്‍ട്ടന്റെ പേരില്‍ ക്ലബ്ബ് ഒരു ഫൗണ്ടേഷന് തുടക്കമിട്ടിരുന്നു. ബോബി ചാള്‍ട്ടണ്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ യുണൈറ്റഡ് ചെയ്തുവരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.