1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലീഡ്സിൽ ബസ് കാത്തുനിൽക്കവെ കാറിടിച്ചു മരിച്ച മലയാളി വിദ്യാർഥി ആതിരയുടെ (25) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. വിമാന ടിക്കറ്റിന്റെ ലഭ്യതയനുസരിച്ച് ഈയാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൊലീസിന്റെയും ഇന്ത്യൻ എംബസിയുടെയുമെല്ലാം എൻഒസി. ലഭിച്ചു കഴിഞ്ഞു. ലീഡ്സ് മലയാളി അസോസിയേഷന്റെ നിർദേശപ്രകാരം ബർമിങ്ങാമിലെ ലിലീസ് ഫ്യൂണറൽ സർവീസാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

സുഹൃത്തുക്കൾക്കും ലീഡ്സ് മലയാളി അസോസിയേഷൻ അംഗങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി ആതിരയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരുമണിമുതൽ മൂന്നു മണിവരെ ബർമിങ്ങാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും.

വിലാസം- 10, ചെസ്റ്റർ റോഡ്, സട്ടൺ കോൾഡ്ഫീൽഡ്, B73 5DA.

ഫെബ്രുവരി 22ന് രാവിലെയായിരുന്നു ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് കാത്തുനിൽക്കവെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് മരിച്ചത്. കാറോടിച്ച യുവതിയെ അന്നുതന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കേസന്വേഷണവും പോസ്റ്റ്മോർട്ടം നടപടികളുമെല്ലാം ഒന്നരയാഴ്ചകൊണ്ട് പൂർത്തിയായി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യണമെന്ന് മുൻ എംപി സുരേഷ് ഗോപി ഇന്ത്യൻ എംബസി അധികൃതരോട് അഭ്യർഥിച്ചിരുന്നു. എംബസിയിൽനിന്നുള്ള ഉദ്യോഗസ്ഥർ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ ബെക്കറ്റ് യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്.

ആതിര യൂണിവേഴ്സിറ്റിൽ അടച്ച ഫീസ് ഉൾപ്പെടെയുള്ള തുക തിരികെ കിട്ടാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എമിറേറ്റ്സ് വിമാനത്തിൽ ടിക്കറ്റ് ലഭിക്കുന്നതിനാണ് ഫ്യൂണറൽ ഡയറക്ടേഴ്സ് ശ്രമിക്കുന്നത്. മസ്കറ്റിൽ ഉദ്യോഗസ്ഥനായ ആതിരയുടെ ഭർത്താവ് രാഹുൽ ശേഖർ നാട്ടിലെത്തിയിട്ടുണ്ട്. ഇവർക്ക് ഒരു മകളുമുണ്ട്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്നു ആതിര. ഒന്നരമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്.

അപകടം നടന്നദിവസം മുതൽ ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡോ.സാബു ഘോഷും സഹപ്രവർത്തകരുമാണ് പൊലീസുമായും എംബസി അധികൃതരുമായും സുരേഷ് ഗോപിയുമായും ബന്ധപ്പെട്ട് തുടർ നടപടികൾ ഏകോപിപ്പിച്ചതും ഇപ്പോൾ പൊതുദർശനം ഉൾപ്പെടെ സംഘടിപ്പിക്കുന്നതും. കേസിന്റെയും തുടർ നടപടികളുടെ പുരോഗതി സാബു ഘോഷ് ആതിരയുടെ കുടുംബത്തെ അറിയിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.