
സ്വന്തം ലേഖകൻ: രാജ്യത്തേക്കും പുറത്തേക്കും ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. 2019 മാർച്ചിൽ ഇതോപ്യയിൽ നടന്ന വിമാനദുരന്തത്തെ തുടർന്ന് ഈ വിഭാഗത്തിൽപെടുന്ന വിമാനങ്ങളുടെ സർവിസിന് സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.
വ്യോമയാന സുരക്ഷക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതിനാലാണ് 2019 മാർച്ച് 12 ന് മാക്സ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇങ്ങനെ വിലക്ക് ഏർപ്പെടുത്തിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഒമാൻ. അമേരിക്കൻ ഫെഡറൽ ഏവിയേഷെൻറയും യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെയും മറ്റ് ആഗോള സിവിൽ വ്യോമയാന അധികൃതരുടെയും വിമാന സുരക്ഷ സംബന്ധിച്ച പരിശോധനകൾ പൂർത്തിയായതിെൻറ അടിസ്ഥാനത്തിലാണ് മാക്സ് വിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
സർവിസ് പുനരാരംഭിക്കുന്നതിനു മുമ്പ് വിമാനങ്ങളിൽ അത്യാവശ്യമുള്ള എല്ലാ നവീകരണങ്ങളും വരുത്തണം. ഇതോടൊപ്പം പൈലറ്റുമാർക്ക് പരിശീലനം നൽകുകയും സുരക്ഷ ഒാഡിറ്റിങ് നടത്തുകയും വേണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇത് പൂർത്തിയായശേഷമാണ് സർവിസ് പുനരാരംഭിക്കാൻ അനുവദിക്കുകയുള്ളൂ.
ഒമാനിലേക്ക് ഏതെങ്കിലും രാജ്യങ്ങളിലെ വിമാന കമ്പനികൾക്ക് മാക്സ് വിമാനങ്ങൾ സർവിസ് നടത്തണമെങ്കിൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ സിവിൽ വ്യോമയാന അധികൃതരുടെ അംഗീകാരം ആവശ്യമാണ്. ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന് അഞ്ച് ബോയിങ് 737 മാക്സ് വിമാനങ്ങളാണുള്ളത്. ഇവ പറക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് 2020 മാർച്ച് വരെ ഒമാൻ എയർ വിവിധ വിമാനങ്ങൾ റദ്ദാക്കിയാണ് സർവിസുകൾ ക്രമീകരിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല