1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2020

സ്വന്തം ലേഖകൻ: 1972-ല്‍ അപ്പോളോ 17 മിഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുകയാണ് നാസ. വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുക, ചന്ദ്രനിലേക്ക് ആദ്യ വനിതയെ അയക്കുക തുടങ്ങിയ സവിശേഷതകള്‍ ഈ പദ്ധതിക്കുണ്ട്‌. എന്നാല്‍ അത് മാത്രമല്ല, നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശക്തിയേറിയ റോക്കറ്റിലായിരിക്കും ഈ ബഹിരാകാശ സഞ്ചാരികളുടെ യാത്ര എന്ന പ്രത്യേകതയും ഈ ചാന്ദ്രയാത്രയ്ക്കുണ്ടാവും. നാസയുമായി ചേര്‍ന്ന് ബോയിങ് ആണ് സ്‌പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എല്‍എസ് എന്ന വിക്ഷേപണ വാഹനം നിര്‍മിക്കുന്നത്.

ആര്‍ട്ടെമിസ് പദ്ധതിയുടെ യാത്രികരെ ഇരുത്തിയുള്ള ആദ്യയാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴേക്കും എസ്എല്‍എസ് റോക്കറ്റിന് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുണ്ടാവും. 38 മെട്രിക് ടണ്‍ ഭാരം ചന്ദ്രനിലേക്ക് വഹിക്കാന്‍ ശേഷിയുണ്ടാവുമിതിന്.

ബഹിരാകാശത്തേക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാനും കൂടുതല്‍ നാള്‍ സഞ്ചരിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സുപ്രധാന സാങ്കേതികവിദ്യയാണ് സ്‌പേസ് ലോഞ്ച് സിസ്റ്റമെന്ന് ബോയിങ് മിഷന്‍ മാനേജ് മെന്റ്, ഓപ്പറേഷന്‍ മാനേജറായ മാറ്റ് ഡഗ്ഗന്‍ പറയുന്നു.

“നമ്മള്‍ ഒരു മാസത്തേക്കുള്ള യാത്ര പോവുമ്പോഴും ഒരു ദിവസത്തേക്കുള്ള യാത്ര പോവുമ്പോഴും വ്യത്യസ്ത രീതിയിലായിരിക്കും സാധനങ്ങള്‍ കയ്യില്‍ കരുതുക. അതുപോലെ ബഹിരാകാശത്തേക്ക് കൂടുതല്‍ യാത്ര ചെയ്യാന്‍ പോവുകയാണ് നമ്മള്‍. അതിനായി കൂടുതല്‍ സാധനങ്ങള്‍ ഒപ്പം കരുതണം. അതിന് വലിയ റോക്കറ്റുകള്‍ ആവശ്യമാണ്.” ഡഗ്ഗന്‍ പറഞ്ഞു.

അവിടെയാണ് എസ്എല്‍എസിന്റെ പങ്ക്. വലിയ ചരക്കുകള്‍ വഹിക്കാന്‍ അതിന് സാധിക്കും. ശൂന്യാകാശത്ത് മനുഷ്യന് ജീവിക്കാനും ജോലി ചെയ്യാനും വേണ്ട എല്ലാ സാധനങ്ങളും അതില്‍ കൊണ്ടുപോവാനാവും.

ചന്ദ്രനിലേക്ക് ചരക്കുകളും ആളുകളേയും എത്തിക്കുന്നതിന് മാത്രമല്ല, ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും എസ്എല്‍എസ് റോക്കറ്റിന്റെ ഈ ശക്തി പ്രയോജനപ്പെടുത്താനാവും. ഒരു വലിയ ഉദ്യമത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റും ഭൂമിയില്‍ നിന്ന് നിര്‍മിച്ച് കൊണ്ടുപോവാന്‍ എസ്എല്‍എസ് സഹായിക്കും.

മുമ്പ് നാസയുടെ സ്‌പേസ് ഷട്ടിലിന് വേണ്ടിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വേണ്ടിയും പ്രവര്‍ത്തിച്ച പ്രഗത്ഭരായ എഞ്ചിനീയര്‍മാര്‍ എസ്എല്‍എസിന്റെ അണിയറയിലുണ്ട്.

എറ്റവും മികച്ച, ഇന്ന് ലഭ്യമായ ആധുനിക എഞ്ചിനീയറിങ് രീതികളെല്ലാം എസ്എല്‍എസിന് വേണ്ടി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഡഗ്ഗന്‍ പറഞ്ഞു. കൃത്യത ഉറപ്പുവരുത്തിക്കൊണ്ട് കംപ്യൂട്ടര്‍ നിയന്ത്രിത നിര്‍മാണ രീതിയാണ് പിന്തുടരുന്നത്. റോക്കറ്റിന്റെ ഓരോ ഭാഗവും കൃത്യതയോടെ പരിശോധിച്ചാണ് നിര്‍മാണം.

ആഗോള പകര്‍ച്ചാവ്യാധിക്കിടയിലും എസ്എല്‍എസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. റോക്കറ്റിന്റെ ഹോട്ട് ഫയര്‍ ടെസ്റ്റിനായി തയ്യാറെടുക്കുകയാണ് നാസയുടെയും ബോയിങിന്റെയും ടീമംഗങ്ങള്‍. ഈ പരിശോധനയുടെ ഭാഗമായി റോക്കറ്റിന്റെ നാല് ആര്‍എസ്-25 എഞ്ചിനുകളും വിക്ഷേപണ സമയത്ത് പ്രവര്‍ത്തിപ്പിക്കുന്ന അത്രയും നേരം പ്രവര്‍ത്തിച്ചു നോക്കും.

ഒരു ദശാബ്ദക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2021-ല്‍ എസ്എല്‍എസ് ആര്‍ട്ടെമിസ്-1 വിക്ഷേപണത്തിനായി തയ്യാറാവും. ഒറിയോണ്‍ സ്‌പേസ് കാപ്‌സ്യൂള്‍ ഘടിപ്പിച്ച റോക്കറ്റ് യാത്രികരില്ലാതെയാണ് ആദ്യ വിക്ഷേപണം നടത്തുക. ആദ്യ വിക്ഷേപണത്തില്‍ ചന്ദ്രനുചുറ്റും വലം വെക്കുകയാണ് ചെയ്യുക. രണ്ടാമത്തെ വിക്ഷേപണത്തിലാണ് ചന്ദ്രനിലിറക്കുക. ഇത് കഴിഞ്ഞ് മൂന്നാമത്തെ ആര്‍ട്ടെമിസ് വിക്ഷേപണത്തില്‍ മനുഷ്യര്‍ ചന്ദ്രനിലേക്ക് പുറപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.