1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2020

സ്വന്തം ലേഖകൻ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുത് ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായി സോണ്‍ 9 ഡി സി പി അഭിഷേക് ത്രിമുഖെ പറഞ്ഞു.

“സുശാന്ത് സിംഗ് രാജപുത് ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്ന വാര്‍ത്ത വയ്ക്കുന്നതില്‍ വേദനയുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും സിനിമയും ചിന്തകളില്‍ നിലനിര്‍ത്തണം എന്ന് ആരാധകരോടും ദുഃഖത്തിന്റെ ഈ നിമിഷത്തിൽ സ്വകാര്യത നിലനിർത്താൻ ഞങ്ങളെ സഹായിക്കണം എന്ന് മാധ്യമങ്ങളോടും ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു,” സുശാന്ത് സിംഗ് രജ്പുത്തിന്റെ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞു.

മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്. സുശാന്തിന്റെ മാനേജര്‍ ദിശാ സാലിയന്‍ ഈ മാസം ആദ്യം മുംബൈ മലാദിലെ തന്റെ സുഹൃത്തിന്റെ വസതിയിലെ ജനാലയില്‍ നിന്നും വീണു മരണപ്പെട്ടിരുന്നു.

‘കൈ പോ ഛെ’ എന്ന ചിത്രത്തില്‍ തുടങ്ങി ‘ശുദ്ദ് ദേശി റൊമാന്‍സ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. ‘ദില്‍ ബേചാര’ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ. പട്ന സ്വദേശിയായ സുശാന്ത് ദില്ലിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ടെലിവിഷനിലും സജീവമായിരുന്നു സുശാന്ത്.

പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.

ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ നായകനായത് സുശാന്ത് സിങ്ങാണ്. ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്ന് സംവിധായകൻ നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ചവച്ചത്. ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി.

മരിക്കുന്നതിന് രണ്ടാഴ്ച്ച മുൻപ് അമ്മയുടെ ചിത്രം സുശാന്ത് പോസ്റ്റ് ചെയ്തിരുന്നു. മങ്ങിയ ഭൂതകാലം എന്നാണ് അതിന് തലക്കെട്ട് നൽകിയിരുന്നത്. അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്.

കേരള പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി.

കഴിഞ്ഞ ആറ് മാസമായി സുശാന്ത് സിങ് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.