1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2017

സ്വന്തം ലേഖകന്‍: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി മുംബൈയില്‍ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ആള്‍ട്ടറിന് ചര്‍മ്മത്തില്‍ അര്‍ബുദ ബാധയുള്ളതായി സ്ഥിരീകരിച്ചത്. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടര്‍ ജുനൂന്‍ സീരിയലിലെ അധോലോക നേതാവായ കേശവ് കല്‍സി എന്ന കഥാപാത്രത്തിലൂടെയാണ് ജനപ്രീതി നേടിയത്.

90 കളില്‍ അഞ്ച് വര്‍ഷത്തോളം ഈ സിരിയല്‍ സംപ്രേക്ഷണം തുടര്‍ന്നു. പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് മലയാ ചിത്രം കാലാപാനിയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹിറ്റ് ചിത്രം അനുരാഗകരിക്കിന്‍ വെള്ളം എന്ന സിനിമയിലും അദ്ദേഹം ചെറിയ വേഷം ചെയ്തിരുന്നു. 2008 ല്‍ പദ്മശ്രീ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

80 കളിലും 90 കളിലും മികച്ച കളിയെഴുത്തുകാരനായും അദ്ദേഹം അറിയപ്പെട്ടു. ആദ്യമായി ടെലിവിഷന് വേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കറെ അഭിമുഖം ചെയ്തത് ആള്‍ട്ടറായിരുന്നു. ഇന്ത്യക്ക് വേണ്ടി സച്ചിന്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായിരുന്നു ഈ അഭിമുഖം. മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അമേരിക്കന്‍ വംശജരുടെ കുടുംബത്തിലെ അംഗമായി മുസൂറിയില്‍ 1950 ലായിരുന്നു ജനനം. അമേരിക്കയില്‍ ഉപരിപഠനത്തിന് ശേഷം 70 കളില്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണ മെഡലോടെ നടനത്തില്‍ ബിരുദം സ്വന്തമാക്കി. രാമാനന്ത് സാഗറിന്റെ 1976 ല്‍ പുറത്തിറങ്ങിയ ചരസ് ആയിരുന്നു ആദ്യ ചിത്രം. സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവയാണ് ആദ്യകാലത്തെ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 90 കളില്‍ ബോളിവുഡിലെ സ്ഥിരം മുഖമായ ആള്‍ട്ടര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, വണ്‍ നൈറ്റ് വിത്ത് കിങ് എന്നിങ്ങനെ നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ഇന്ത്യക്കു പുറത്തും ശ്രദ്ധേയനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.