
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്‌സും ശനിയാഴ്ച വിവാഹിതരായി. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ രഹസ്യമായാണ് വിവാഹച്ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. അവസാനനിമിഷമാണ് അതിഥികളെ ക്ഷണിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും ദ സണ്‍, മെയില്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മുപ്പത് പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.
പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നര മണിയോടെ കത്തീഡ്രല്‍ അടച്ചതായും അര മണിക്കൂറിന് ശേഷം ക്യാരി സിമണ്ട്‌സ് അവിടെ എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ള നിറത്തിലെ ഗൗണ്‍ ധരിച്ചിരുന്നെങ്കിലും അവര്‍ ശിരോവസ്ത്രം ധരിച്ചിരുന്നില്ല. 2022 ജൂലായിലായിരിക്കും ഇവരുടെ വിവാഹമെന്നും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണക്കത്ത് അയച്ചതായും ഈ മാസം ആദ്യം ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
56 കാരനായ ബോറിസ് ജോണ്‍സണും 33 കാരിയായ ക്യാരിയും ജോണ്‍സണ്‍ 2019-ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഡൗണിങ് സ്ട്രീറ്റില്‍ ഒരുമിച്ച് കഴിഞ്ഞു വരികയായിരുന്നു. തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോവുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞതായും കഴിഞ്ഞ കൊല്ലം ഇരുവരും അറിയിച്ചിരുന്നു. 2020 ഏപ്രിലില്‍ ഇവര്‍ക്ക് ആണ്‍കുട്ടി പിറന്നു.
സങ്കീര്‍ണമായ സ്വകാര്യ ജീവിതത്തെ തുടര്‍ന്ന് ‘ബോങ്കിങ് ജോണ്‍സണ്‍’ എന്ന അപരനാമവും ബോറിസ് ജോണ്‍സന് ചാര്‍ത്തിക്കിട്ടിയിരുന്നു. സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തന്നെ വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ബോറിസ് ജോണ്‍സന്റെ രഹസ്യം ഒരു തവണ തുറന്നുകാട്ടി. രണ്ട് തവണ വിവാഹമോചിതനായ ജോണ്‍സണ്‍ ഇക്കാര്യങ്ങളില്‍ ഒന്നും ഇതുവരെ വിശദീകരണത്തിന് തയ്യാറായിട്ടില്ല.
ജോൺസന്റെ മൂന്നാം വിവാഹമാണിത്. അലീഗ്ര ഒവനാണ് ആദ്യ ഭാര്യ. 1987 ൽ വിവാഹിതരായി; 1993ൽ വേർപിരിഞ്ഞു. ഇന്ത്യൻ വേരുകളുള്ള മറീന വീലറെ വിവാഹം ചെയ്തത് അതേ വർഷം. 4 മക്കളുമായി 25 വർഷം നീണ്ട ആ ദാമ്പത്യം 2018ൽ അവസാനിച്ചു. കൺസർവേറ്റിവ് പാർട്ടിയുടെ കമ്യൂണിക്കേഷൻസ് മേധാവിയായിരുന്ന കാരി 2012ലെ ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ജോൺസന്റെ പ്രചാരണ സംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല