
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ കാലത്ത് ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിയതിന്റെ പേരിൽ കുരുക്കിലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടുദിവസമായി തുടരുന്ന വിവാദത്തിനു ചൂടുപകർന്ന് ഹൗസ്പാർട്ടിയുടെ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ പ്രധാനമന്ത്രി പ്രതിരോധത്തിലായി. രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിരുന്നപ്പോൾ ഔദ്യോഗിക വസതിക്കു പിന്നിലെ ഗാർഡിൽ നടത്തിയ പാർട്ടിയെക്കുറിച്ചു സ്വീകാര്യമായ വിശദീകരണം നൽകാൻ പ്രധാനമന്ത്രിക്ക് ആയിട്ടില്ല.
പ്രധാനമന്ത്രിയുടെ വിശ്വാസ്യത തകർന്നു എന്നു പ്രതിപക്ഷവും പാർട്ടി വിമതരും കുറ്റപ്പെടുത്തുന്നു. അടിയന്തരമായി നടത്തിയ ഓഫിസ് മീറ്റിങ്ങിനു ശേഷം സ്റ്റാഫംഗങ്ങൾ ഒത്തുകൂടുക മാത്രമാണു ചെയ്തതെന്ന് ആദ്യം വിശദീകരണം ഉണ്ടായെങ്കിലും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ചീസും വൈനുമായി ആനന്ദിക്കുന്ന ചിത്രങ്ങൾ ഇന്നലെ ഗാർഡിയൻ പത്രം പുറത്തുവിട്ടു.
ചിത്രങ്ങൾ പുറത്തുവന്നതോടെ ബോറിസ് കൂടുതൽ പ്രതിരോധത്തിലായി. മതിയായ കാരണമില്ലാതെ ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരുന്ന ലോക്ക്ഡൗൺ കാലത്താണ് പ്രധാനമന്ത്രി സ്വന്തം വസതിയിൽ പാർട്ടി നടത്തി കുരുക്കിലായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല