1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ബ്രിട്ടനെ സാധാരണ നിലയിലേക്ക് (നിയർ നോർമൽ) കൊണ്ട് വരാനുള്ള റോഡ് മാപ്പ് പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ എൻ‌എച്ച്എസിന് 3 ബില്യൺ പൗണ്ട് അധിക ധനസഹായമാണ് പദ്ധതിയുടെ പ്രധാന ആകർഷണം.

ശൈത്യകാലത്ത് ആരോഗ്യ രംഗത്തുണ്ടാവുന്ന അതിസമ്മർദ്ദം ലഘൂകരിക്കാനും ഈ ധനസഹായം സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. ശൈത്യകാലത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തിൽ 120,000 ത്തോളം പേർ ബ്രിട്ടനിൽ മരിച്ചേക്കുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

കൊവിഡ് പരിശോധനാ ശേഷി വർദ്ധിപ്പിക്കുന്നതിനായി പുതിയ നടപടികളും വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും. പദ്ധതി പ്രകാരം ഒക്ടോബർ അവസാനത്തോടെ രാജ്യത്തെ ടെസ്റ്റുകളുടെ ആകെ എണ്ണം പ്രതിദിനം 500,000 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

ജനങ്ങൾ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കി ഓഫീസുകളിൽ എത്തിക്കുന്നത് സംബന്ധിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ പ്രഖ്യാപനത്തിൽ പ്രതീക്ഷിക്കാം. അതേസമയം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്കുള്ള സർക്കാരിന്റെ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ യാതൊരു സാധ്യതയുമില്ലെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് വ്യാഴാഴ്ച എംപിമാരോട് പറഞ്ഞു.

ശൈത്യകാലത്ത് കൂടുതൽ രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യം മുന്നിൽ കണ്ട് മിന്നൽ ലോക്ക്ഡൗണുകളും ലോക്കൽ ലോക്ക്ഡൗണുകളും ഉൾപ്പെടയുള്ള നടപടികളും “നിയർ നോർമൽ” റോഡ് മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ കൊവിഡ് വ്യാപനം തടയാൻ കൂടുതൽ കർശന നടപടികളുമായി വെയ്ത്സ്. ബസ് സ്റ്റേഷനുകൾ റെയിൽ‌വേ സ്റ്റേഷനുകൾ പോലുള്ള പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ ഓടുന്നതിനും ഉച്ചത്തിൽ സംസാരിക്കുന്നതിനും പത്രങ്ങൾ വായിക്കുന്നതിനും ബസിലോ ട്രെയിനിലോ ആയിരിക്കുമ്പോൾ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടുള്ളതോ സാധ്യമല്ലാത്തതോ ആയ പൊതുഗതാഗത സംവിധാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് സർക്കാർ സംവിധാനങ്ങൾ ഉറപ്പുവരത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു.

എല്ലാ യാത്രക്കാരും ഫെയ്സ് മാസ്ക് ധരിക്കണമെന്നത് ഉൾപ്പെടെയുള്ള നിലവിലെ നിയന്ത്രണങ്ങൾ തുടരും. എയ്‌റോസോൾ ട്രാൻസ്മിഷനിലൂടെ കൊറോണ വൈറസ് പടരുമെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതുകൊണ്ട് ആളുകൾ ഉറക്കെ സംസാരിക്കുമ്പോഴോ, ബസ്സിലേക്ക് ഓടിയതിനുശേഷം ഭക്ഷണം കഴിക്കുമ്പോഴോ അല്ലെങ്കിൽ ശ്വസിക്കുമ്പോഴോ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ട്.

ടാക്‌സികൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന എല്ലാവരോടും ജൂലൈ 27 മുതൽ മൂന്ന് ലെയർ മാസ്ക് ധരിക്കാൻ വെൽഷ് സർക്കാർ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.