
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ ചരിത്ര സംഭവങ്ങളെല്ലാം നടക്കുമ്പോൾ കടലിൽ വിലസി നടന്നിരുന്ന ഒരു കൂട്ടർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വന്നാലോ? ബോഹെഡ് തിമിംഗലങ്ങ (Bowhead whales) ളാണ് ഈ ‘ദീര്‍ഘായുസ്സുകാര്‍’.
ജീവികളുടെ ഡി.എന്‍.എ. പരിശോധിച്ച് അവയുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്ന സാങ്കേതികവിദ്യവഴിയാണ് ബോഹെഡ് തിമിംഗലങ്ങളുടെ ആയുസ്സ് ഗവേഷകര്‍ കണക്കാക്കിയത്. പുതിയപഠനങ്ങള്‍ അനുസരിച്ച് 286 വയസ്സാണ് ഇവയുടെ ആയുസ്സ്. ബോഹെഡ് തിമിംഗലങ്ങള്‍ 200 വര്‍ഷംവരെ ജീവിക്കുമെന്നാണ് നേരത്തെ വിശ്വസിച്ചിരുന്നത്.
ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ പഠനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ‘ജനിതക ഘടികാര’ത്തിലൂടെ മൃഗങ്ങളുടെ ആയുസ്സ് കണക്കാക്കുകയാണ് അവര്‍ ചെയ്തത്. അവരുടെ നിഗമനങ്ങള്‍ അനുസരിച്ച് ആര്‍ട്ടിക് മേഖലയില്‍ കണ്ടെത്തിയ 211 വര്‍ഷം പ്രായമുള്ള ബോഹെഡ് തിമിംഗലത്തിന് 60 വര്‍ഷം കൂടി ജീവിക്കാന്‍ കഴിയും.
തിമിംഗലത്തിന്റെ കണ്ണില്‍ നിന്നും ശേഖരിച്ച ദ്രവത്തില്‍ നിന്നെടുത്ത അമിനോ ആസിഡിലൂടെയാണ് അവര്‍ തിമിംഗലത്തിന്റെ പ്രായം കണക്കാക്കിയത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ തിമിംഗലത്തിന്റെ യഥാര്‍ഥ ആയുസ്സ് കണ്ടെത്തുന്നതില്‍ വിജയിച്ചത്. ഡിഎന്‍എ ഉപയോഗിച്ച് ജീവികളുടെ പ്രായം കണക്കാക്കുന്ന പുതിയ രീതി മീഥൈലേഷന്‍ (Methylation) എന്നാണ് അറിയപ്പെടുന്നത്.
ആര്‍ട്ടിക് പ്രദേശത്താണ് ബോഹെഡ് തിമിംഗലങ്ങളുടെ വാസം. ശരാശരി 15 മുതല്‍ 18 മീറ്റര്‍ വരെയാണ് ഇവയുടെ നീളം. ചിലത് 20 മീറ്റര്‍വരെ നീളം വെക്കുന്നു. ലോകത്തിലെ ഏതൊരു മൃഗത്തിന്റേതിനേക്കാളും വലിയ വായയാണ് ഇവയുടെ മറ്റൊരു സവിശേഷത. 1966ന് ശേഷം ഇവയുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. അഞ്ച് വിഭാഗത്തില്‍ മൂന്നെണ്ണം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല