
സ്വന്തം ലേഖകൻ: കോടികളുടെ കടക്കെണിയിൽപ്പെട്ട എൻഎംസി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. താൻ ഉടനെ യുഎഇയിലേക്കു മടങ്ങുമെന്ന് മംഗളുരുവിൽ കഴിയുന്ന എൻഎംസി ഗ്രൂപ്പിന്റെ സ്ഥാപകൻ ഡോ.ബി.ആർ ഷെട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണിത്. രോഗം ബാധിച്ച സഹോദരനെ ശുശ്രൂഷിക്കാനാണ് നാട്ടിൽ പോയതെന്നും ലോക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയായിരുന്നു എന്നുമാണു ഷെട്ടിയുടെ വെളിപ്പെടുത്തൽ.
400 കോടി ഡോളറിന്റെ കടക്കെണിയിലും സാമ്പത്തിക ക്രമക്കേടുകളിലും എൻഎംസി ഉൾപ്പെട്ടതിനെ തുടർന്ന് താൻ നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. എൻഎംസി, ഫിനാബ്ലർ എന്നിവയ്ക്കു പുറമേ ചില കമ്പനികളുമായി ബന്ധപ്പെട്ട് താൻ ഏർപ്പെടുത്തിയ ഏജൻസി അന്വേഷണം നടത്തുകയായിരുന്നെന്നും ഷെട്ടി പറഞ്ഞു. ഇതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉടൻ യുഎഇയിൽ മടങ്ങിയെത്തി കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.
അതേസമയം യുഎഇയിലേക്ക് മടങ്ങാനുള്ള ബി.ആർ. ഷെട്ടിയുടെ ശ്രമം ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ത്യയിൽ വിവിധ കേസുകൾ നിലനിൽക്കുന്നതിലാണ് ഷെട്ടിയുടെ യാത്ര ഇമിഗ്രേഷൻ വിഭാഗം തടഞ്ഞത്. അതേസമയം, ഒപ്പമുണ്ടായിരുന്ന ഭാര്യയെ യാത്ര ചെയ്യാൻ അനുവദിച്ചു. ബംഗളുരുവിൽ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങവെയാണ് യാത്ര തടഞ്ഞത്.
സാമ്പത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടർന്ന് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത് ചെയർമാനുമായിരുന്ന ബി.ആർ ഷെട്ടി വീണ്ടും യുഎഇയിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരുന്നു. യുഎഇയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും യുഎഇ അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷയെന്നും ഷെട്ടി പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല