1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2023

സ്വന്തം ലേഖകൻ: ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന. പുക പൂർണമായും ശമിച്ചു. 48 മണിക്കൂർ ഫുൾ ടീം നിരീക്ഷണം നടത്തും. അതിനുശേഷം പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും. സേനയുടെ പകുതിയിലധികം ഉദ്യോഗസ്ഥരും ബ്രഹ്മപുരത്ത് ഉണ്ടായിരുന്നു. വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യമെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി.

അതിനിടെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പൂർണ്ണമായും ശമിച്ചെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. അടുത്ത 48 മണിക്കൂർ നിതാന്ത ജാഗ്രത തുടരും. വായുവിന്റെ ഗുണ നിലവാര സൂചികയും മെച്ചപ്പെട്ടു. പ്രദേശവാസികൾക്കായി അഞ്ചിടങ്ങളിൽ കൂടി ഇന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കും. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേയും ഇന്ന് മുതൽ ആരംഭിക്കും. ബ്രഹ്മപുരത്തെ തീ പിടിത്തത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇന്ന് മാർച്ച് നടത്തും.

അതേസമയം ബ്രഹ്‌മപുരം വിഷയം സഭയില്‍ വീണ്ടും ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമം പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കുമെന്നാണ് വിവരം. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്. പല ആരോപണങ്ങള്‍ ബ്രഹ്‌മപുരം വിഷയത്തില്‍ ഉയര്‍ന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയെയും പ്രതിപക്ഷം ചോദ്യം ചെയ്‌തേക്കും.

ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് മതിയായ സൗകര്യമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്. ബയോ മൈനിംങ്ങിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ പ്ലാന്റിൽ ഇല്ലെന്നും മാലിന്യസംസ്കരണം ശാസ്ത്രീയമായല്ല നടക്കുന്നതെന്നും സമിതി വ്യക്തമാക്കുന്നു. അതേസമയം തനിക്കെതിരെ കരാർ കമ്പനി ഉന്നയിച്ച ആരോപണങ്ങൾ തളളി മുന്‍മേയര്‍ ടോണി ചമ്മിണി രംഗത്തെത്തി.

തീവ ഗൗരവതരമായ കണ്ടെത്തലുകളാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സ്ഥലം ബ്രഹ്മപുരം പ്ലാന്റിൽ ഇല്ല. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചു.നിലവിലുള്ള കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാൻ ആവശ്യമായ യന്ത്രങ്ങൾ പ്ലാന്റിൽ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം സോണ്ടയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സിപിഐഎം ഭയപ്പെടുത്തുന്നുവെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണി ആരോപിച്ചു. സോണ്ടയുടെ എതിരാളി കമ്പനി തന്റെ ബന്ധുവെന്ന ആരോപണവും ടോണി ചമ്മിണി തള്ളി.

വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇതിനിടെ ബ്രഹ്മപുരം ജൈവ മാലിന്യ കരാര്‍ കമ്പനിക്കെതിരായ പരാതിയില്‍ പരാതിക്കാരന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.