1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2023

സ്വന്തം ലേഖകൻ: ബ്രഹ്മപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം മോശം ഭരണമാണെന്നും സര്‍ക്കാരിനാണ് ബ്രഹ്മപുരം പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും ട്രിബ്യൂണൽ ചെയർപേർസൺ എ കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു.

ബ്രഹ്മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയം സ്വമേധയായാണ് ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി വി.വേണുവും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. ബ്രഹ്‌മപുരം തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ജസ്റ്റിസ് എ.കെ ഗോയല്‍ അഭിപ്രായപ്പെട്ടു.

സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും അതില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നുമായിരുന്നു ജസ്റ്റിസിന്റെ നിരീക്ഷണം. വിഷയവുമായി ബന്ധപ്പെട്ട് വേണ്ടി വന്നാല്‍ 500 കോടി രൂപയുടെ പിഴ സര്‍ക്കാരില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കേരള ഹൈക്കോടതി തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാല്‍ സര്‍ക്കാരിനെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസിന്റെ നടപടിക്രമങ്ങള്‍ നടക്കുന്നതിനാല്‍ സമാന്തരമായ മറ്റൊരു കേസ് ട്രിബ്യൂണലിന്റെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നുമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ട്രിബ്യൂണല്‍ മുമ്പാകെ അറിയിച്ചത്.

എന്നാല്‍ ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കാന്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതിയുടെ നടപടിക്രമങ്ങളില്‍ തങ്ങള്‍ ഇടപെടുന്നതല്ലെന്നും ഹൈക്കോടതി ഉത്തരവിന് കടകവിരുദ്ധമായ ഇടപെടലുകള്‍ തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ട്രിബ്യൂണലിനു സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും ഉത്തരവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.