1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2019

സ്വന്തം ലേഖകന്‍: കൊച്ചിയെ ശ്വാസം മുട്ടിച്ച് നാലാം ദിവസവും പുക; 2 വിദ്യാര്‍ത്ഥികള്‍ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി; ചൂടിലും പുകയിലും വെന്തുരുകി നഗരം. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാര്‍ച്ച് നടത്തും.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാന്‍ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികള്‍ക്കും രാജഗിരി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് പുക മൂലം വീണ്ടും ബുദ്ധിമുട്ടുണ്ടായത്.

ഇന്നലെ വൈകിട്ട് 7.30 ഓട് കൂടിയാണ് വീണ്ടും പുക ശല്യമുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാജഗിരി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അലന്‍, ശരത്ത് എന്നിവര്‍ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികില്‍സ തേടി . കാക്കനാട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ രാത്രി ഏറെ വൈകിയാണ് ആശുപത്രി വിട്ടത്.

മാലിന്യ പ്ലാന്റിലെ പുക നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. അതിനിടെ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷനിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സി.പി.ഐ.എമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.

49 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം പ്ലാന്റിലെ തീ പൂര്‍ണമായും അണച്ചതായും പുക നിയന്ത്രണ വിധേയമായതായും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ തീ പൂര്‍ണമായും അണഞ്ഞിട്ടില്ലെന്നും ഇന്നു രാവിലെയോടെയെ അണയ്ക്കാനാകൂ എന്നും നഗരസഭ മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

ഇരുമ്പനം, തൃപ്പൂണിത്തുറ, വൈറ്റില, മേഖലകള്‍ രാവിലെ പുകയില്‍ മൂടി. ജനജീവിതം ദുസഹമായതോടെ അര്‍ധരാത്രി മുതല്‍ ഇരുമ്പനത്തെ പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലും ഇറങ്ങി. മാലിന്യകൂമ്പാരത്തിനുള്ളിലെ പ്ലാസ്റ്റിക് പുകഞ്ഞ് കത്തുന്നതായിരുന്നു തീയും പുകയും നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ വെല്ലുവിളിയായി തുടര്‍ന്നത്. ഇതു തടയാന്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മാലിന്യകൂമ്പാരങ്ങള്‍ ഇളക്കി വെള്ളമൊഴിച്ച് മണ്ണിടാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ഇന്നലെ നടന്നു.

ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ അഗ്‌നിശമന സേനാ യൂണിറ്റും പോലീസും മോട്ടോര്‍ വാഹനവകുപ്പും നഗരസഭയും കൈകോര്‍ത്ത് നടത്തിയ ശ്രമങ്ങളാണ് വൈകുന്നേരത്തോടെ ഫലം കണ്ടത്. തീപിടിത്തത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിശദ അന്വേഷണം നടത്തുമെന്നും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.