സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും ബ്രസീലിൽ കൂടിക്കാഴ്ച നടത്തി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ജി-20 ഉച്ചകോടിക്കിടെയാണ് ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ബ്രസീലിൽ. ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ കിയേർ സ്റ്റാമെറിനെ നരേന്ദ്രമോദി അഭിനന്ദിച്ചു.
കിയേർ സ്റ്റാമെറും ഇന്ത്യയിൽ മൂന്നാം തവണ അധികാരമേറ്റ നരേന്ദ്ര മോദിക്ക് ഊഷ്മളമായ ആശംസകൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയിൽ രണ്ട് ഇന്ത്യൻ കോൺസുലേറ്റുകൾ കൂടി സ്ഥാപിക്കുവാൻ ധാരണയായി. നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ കിയേർ സ്റ്റാമെർ സ്വാഗതം ചെയ്തു. ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലാണ് കോൺസുലേറ്റുകൾ സ്ഥാപിക്കുക. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയിൽ ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു.
വിവിധ മേഖലകളിൽ ഇന്ത്യയും യുകെയും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുവാനും കൂടിക്കാഴ്ചയിൽ ഇരുവരും ധാരണയായി. രാജ്യാന്തരവും പ്രാദേശികവുമായ വിഷയങ്ങളിൽ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളിൽ ഇരുവരും തങ്ങളുടെ വീക്ഷണങ്ങൾ കൈമാറി. സ്വതന്ത്ര വ്യാപാര ഉടമ്പടി ചർച്ചകൾ നേരത്തെ തന്നെ പുനരാരംഭിക്കുവാൻ ഇരു പ്രധാനമന്ത്രിമാരും ധാരണയായി. ഇന്ത്യയിൽ നിന്നും അഭയംതേടുന്ന സാമ്പത്തിക കുറ്റവാളികളുടെ കാര്യത്തിലുള്ള യുകെയുടെ നിലപാടുകളിൽ മാറ്റം വരുത്തേണ്ടുന്ന കാര്യങ്ങൾ നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
മൈഗ്രേഷൻ, മൊബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുരോഗതി കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ഇരു പ്രധാനമന്ത്രിമാരും അംഗീകരിച്ചു. ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായ വിവിധ ധാരണകൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കാൻ ഇരുവരും മന്ത്രിമാരോടും മുതിർന്ന ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല