1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2018

സ്വന്തം ലേഖകന്‍: മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന ബഹുമതി സ്വന്തമാക്കി അമേരിക്കന്‍ യുവാവ്. വിസ്‌കോണ്‍സ്റ്റിനില്‍ നിന്നുള്ള മാക്‌സ്മില്ലന്‍ ന്യൂബാറാണ് മുലയൂട്ടല്‍ അമ്മമാരുടെ മാത്രം കുത്തകയാണെന്ന ചരിത്രം തിരുത്തി സ്വന്തം മകളെ മുലയൂട്ടുന്ന ചിത്രം ഫെയ്‌സ്ബുക്കതില്‍ പങ്കുവെച്ചത്. മുലയൂട്ടല്‍ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

മാക്‌സ് മില്ല്യനും ഭാര്യ ഏപ്രില്‍ ന്യൂബൗറിനും ജൂണ്‍ 26നാണ് കുഞ്ഞ് ജനിക്കുന്നത്. കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ കണ്‍കുളിര്‍ക്കെ കണ്ട് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങള്‍ പങ്കിട്ടു. എന്നാല്‍ ആ സന്തോഷം അധികം നീണ്ടില്ല. പ്രസവത്തെ തുടര്‍ന്നുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഏപ്രിലിനെ കാര്യമായി ബാധിച്ചു. പ്രസവശേഷം അവരെ തുടര്‍ ചികിത്സിക്കായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നു. അതോടെ കുഞ്ഞിന്റെ പൂര്‍ണ ഉത്തരവാദിത്തം അച്ഛനായി.

കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഏപ്രിലിന് സാധിക്കാതെ വന്നതോടെയാണ് ഈ അച്ഛന്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തത്. കുട്ടിക്ക് കുപ്പിപ്പാല്‍ നല്‍കാമെന്ന് ആദ്യം തീരുമാനിച്ചുവെങ്കിലും ആ തീരുമാനം മാറ്റി. തന്റെ പൊന്നുമോള്‍ക്ക് ശരിക്കും മുലകുടി അനുഭവിക്കാന്‍ എന്തുചെയ്യാം എന്ന് അദ്ദേഹം ചിന്തിച്ചു. ഇതോടെയാണ് രജിസ്‌റ്റേഡ് നഴ്‌സായ സൈബില്‍ മാര്‍ട്ടിന്‍ ഡെന്നെഹി സപ്ലിമെന്റല്‍ നഴ്‌സിംഗ് രീതിയിലൂടെ പാലൂട്ടാന്‍ മാക്‌സ് മില്ല്യനു നിര്‍ദ്ദേശം നല്‍കിയത്

ഒരു ട്യൂബുവഴി സിറിഞ്ചുമായി ബന്ധിപ്പിച്ച പ്ലാസ്റ്റിക് നിപ്പിള്‍ ഷീല്‍ഡ് അച്ഛന്റെ മാറില്‍ ഘടിപ്പിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്താണ് അച്ഛന്‍ മകള്‍ക്ക് പാലുനല്‍കുന്നത്. മുലയൂട്ടുന്നതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചതോടെ അനവധി പേരാണ് ഈ പിതാവിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. എന്തായാലും ഒരു മുലയൂട്ടല്‍ കൊണ്ട് സമൂഹ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വരെ വാര്‍ത്തയായതിന്റെ സന്തോഷത്തിലാണ് അച്ഛനും മകളും.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.