1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, 17 മണിക്കൂര്‍ ചര്‍ച്ചക്കു ശേഷം ആദ്യ ഘട്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം. യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോരുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അനുമതി നല്‍കുന്ന ആദ്യഘട്ട ബില്ലിനാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരം ലഭിച്ചത്. 17 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കു ശേഷമാണ് ബില്‍ അംഗീകരിച്ചത്.

കോമണ്‍ ഹൗസില്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച് നടക്കുന്ന ആദ്യ വോട്ടെടുപ്പാണിത്. ലിസ്ബന്‍ കരാറിലെ ആര്‍ട്ടിക്ള്‍ 50 നടപ്പാക്കുന്നതിന് പ്രധാനമന്ത്രി തെരേസ മേയ്ക്ക് അനുമതി നല്‍കുന്നതാണ് ബില്‍. 114നെതിരെ 498 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ബില്ല് നിയമമാവണമെങ്കില്‍ ഇനി പൊതുചര്‍ച്ച ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടക്കേണ്ടതുണ്ട്.

ബ്രെക്‌സിറ്റ് ബില്‍ അധോസഭയില്‍ അടുത്തയാഴ്ച അന്തിമ വോട്ടെടുപ്പിനായി ചര്‍ച്ചക്കെടുക്കും. ബില്ലിനെതിരെ വോട്ട് ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ നിര്‍ദേശം നല്‍കിയിട്ടും 47 ലേബര്‍ പാര്‍ട്ടി പ്രതിനിധികള്‍ എതിര്‍ത്തു വോട്ട് ചെയ്തത് ശ്രദ്ധേയമായി. പാര്‍ലമെന്റിനെ മറികടന്ന് യൂറോപ്യന്‍ യൂണിയനുമായി വിടുതല്‍ ചര്‍ച്ചയ്ക്ക് നേരത്തെ മേ സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും കോടതി ഇടപെട്ടതിനെത്തുടര്‍ന്നു പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു പാസാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

ഇതോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ തെരേസാ മേ സര്‍ക്കാരിന് തത്വത്തില്‍ അനുമതിയായി. ബ്രെക്‌സിറ്റ് നയത്തെപ്പറ്റി ധവളപത്രം ഇറക്കുമെന്ന വാഗ്ദാനം പാലിച്ച് പ്രധാനമന്ത്രി തെരേസ മേയ് ഇന്നു നടപടിക്രമങ്ങള്‍ പ്രഖ്യാപിക്കും. മാര്‍ച്ച് അവസാനത്തോടെ നടപടികള്‍ തുടങ്ങാനും 2019 മാര്‍ച്ചോടെ ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി.

യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ ജനഹിത പരിശോധനയിലെ ഭൂരിപക്ഷാഭിപ്രായം.
51.9 ശതമാനം പേര്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഇരുപത്തെട്ടംഗ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാടാണ് 48.1 ശതമാനം പേര്‍ രേഖപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.