1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2019

സ്വന്തം ലേഖകൻ: പാർലമെന്റിന്റെ തീരുമാനപ്രകാരം ബ്രെക്സിറ്റിനു കൂടുതൽ സമയം തേടി ബിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയന് അയച്ച കത്ത് നിരാശയുടെയും പ്രതിഷേധത്തിന്റെയും സൂചനയായി. പ്രത്യാഘാതം എന്തുതന്നെയായാലും ഈ മാസം 31 നു തന്നെ യൂറോപ്യൻ യൂണിയൻ (ഇയു) വിടുമെന്നു ശപഥമെടുത്തിരുന്ന പ്രധാനമന്ത്രി, ഒപ്പുവയ്ക്കാത്ത കത്താണ് അയച്ചത്.

മുൻപു തീരുമാനിച്ചതനുസരിച്ച് 19 നു കരാറിൽ തീരുമാനമായില്ലെങ്കിൽ, 3 മാസം കൂടി സമയം നീട്ടിത്തരാൻ ആവശ്യപ്പെട്ട് ഇയുവിന് എഴുതേണ്ട കത്തിന്റെ രൂപരേഖ പാർലമെന്റ് കഴിഞ്ഞദിവസം പാസാക്കിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പകർപ്പെടുത്ത് അയച്ചു കൊടുക്കുകയാണു ജോൺസൻ ചെയ്തത്.

കൂടാതെ, എംപിമാർ അബദ്ധം കാണിക്കുകയാണെന്നു വിലയിരുത്തുന്ന മറ്റൊരു കത്ത് പിന്നാലെ അയക്കുകയും ചെയ്തു. സമയം ചോദിച്ചുള്ള കത്ത് പാർലമെന്റിന്റേതാണെന്നും തനിക്കു പങ്കില്ലെന്നും അദ്ദേഹം പറയുന്നു. പുതുക്കിയ കരാറിന് അംഗീകാരം നൽകാനുള്ള വോട്ടെടുപ്പു മാറ്റിവച്ച് ബ്രെക്സിറ്റ് നീട്ടാൻ ആവശ്യപ്പെടുന്ന പ്രമേയം പാർലമെന്റ് പാസാക്കിയതാണു കാര്യങ്ങൾ വീണ്ടും സങ്കീർണമാക്കിയത്.

കത്തുകൾ പരിഗണിച്ച യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ടസ്‌ക്‌ ഞായറാഴ്‌ച ഇയു കമീഷനിലെ മറ്റ്‌ 27 അംഗങ്ങളുടെ സ്ഥാനപതിമാരുടെയും യോഗം വിളിച്ചു. 15 മിനിറ്റ്‌ മാത്രം നീണ്ട യോഗം ബ്രിട്ടനിൽനിന്ന്‌ മറ്റൊരു തീരുമാനം ഉണ്ടാകുന്നതുവരെ ബ്രെക്‌സിറ്റ്‌ നടപടിയുമായി മുന്നോട്ടുപോകാനാണ്‌ തീരുമാനിച്ചത്‌. തിങ്കളാഴ്‌ചയാണ്‌ ഇയുവിൽ ഇതിന്റെ നടപടികൾ ആരംഭിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.