
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ചർച്ചകൾ വീണ്ടും പാളം തെറ്റിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും അടിയന്തിര ഫോൺ സംഭാഷണത്തിന് ഒരുങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാടിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ ഇഴയുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും ശനിയാഴ്ച്ച ചർച്ച നടത്തുന്നത്.
ഒരാഴ്ചത്തെ മാരത്തൺ ചർച്ചയെത്തുടർന്ന് “കാര്യമായ അഭിപ്രായ വ്യത്യാസങ്ങൾ” നിലനിൽക്കുന്നുവെന്ന് പറഞ്ഞ് ഇരു കക്ഷികളും പ്രതിനിധികളെ തിരിച്ചു വിളിച്ചിരുന്നു. ഡിസംബർ 31 ന് യുകെ യൂറോപ്യൻ യൂണിയൻ ട്രേഡിംഗ് നിയമങ്ങൾ ഉപേക്ഷിക്കുന്നതിനു മുമ്പ് ഒരു വ്യാപാര കരാർ ഒപ്പുവെക്കാനുള്ള സമയം ഇതിനകം തന്നെ കഴിഞ്ഞതിനാലാണ് നേതാക്കൾ തന്നെ നേരിട്ട് രംഗത്തെത്തുന്നത്.
കരാറിന്റെ ഭൂരിഭാഗവും പൂർത്തിയായെങ്കിലും പ്രധാന തർക്ക വിഷയങ്ങൾ അങ്ങനെ തന്നെ തുടരുകയാണ്. മത്സ്യബന്ധന അവകാശങ്ങൾ, ബിസിനസ്സിനുള്ള സബ്‌സിഡികൾ നിയന്ത്രിക്കുന്ന നിയമങ്ങൾ, കരാർ എങ്ങനെ നടപ്പിലാക്കുന്നു എന്നിവയും ഇതിൽ ഉൾപ്പെടുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഫിഷിംഗ് ബോട്ടുകൾക്ക് യുകെ സമുദ്രാതിർത്തികളിലേക്ക് പത്തു വർഷത്തേക്ക് പ്രവേശനം വേണമെന്ന ആവശ്യം ഇയു രാജ്യങ്ങൾ ശക്തമാക്കിയതോടെയാണ് ചർച്ചകൾ പിന്നോട്ട് പോയത്.
തങ്ങൾക്ക് സ്വീകര്യമായ വ്യാപാരകരാർ രൂപപ്പെട്ടില്ലെങ്കിൽ വീറ്റോ ചെയ്യുമെന്ന് ഫ്രാൻസിന്റെ ഇയു പ്രതിനിധി മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാകട്ടെ ഫ്രഞ്ച് മത്സ്യബന്ധന വ്യവസായത്തിന് ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ പ്രവേശനം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധാലുവാണ്.
അതേസമയം, വിട്ടുവീഴ്ചയ്ക്ക് ഇപ്പോഴും ഇടമുണ്ടെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ വക്താവ് പറഞ്ഞു. ഒരു വ്യാപാര കരാറിൽ എത്തിച്ചേരാം എന്നാണ് താൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി മിഷേൽ മാർട്ടിനും വ്യക്തമാക്കി.
ശീതീകരിച്ച ബാഗുകളിൽ ഡോസുകൾ ട്രാൻസ്‌പോർട്ട് ചെയ്യാമെന്ന് റെഗുലേറ്റർമാർ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിലെ കെയർ ഹോമുകൾക്കും ജിപികൾക്കും വാക്സിനുകൾ ലഭ്യമാകും. ഡിസംബർ 14 മുതൽ വാക്സിൻ ഡോസുകൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ജിപികൾക്ക് കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചിരുന്നു. കെയർ ഹോമുകൾക്കും അതേ ആഴ്ച തന്നെ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല