1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ബ്രിട്ടന്‍ നല്‍കേണ്ടി വരുന്ന വില 5 ലക്ഷം കോടി രൂപയെന്ന് യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക പ്രക്രിയയായ ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള വിലപേശല്‍ ആരംഭിക്കുമ്പോള്‍ ബ്രിട്ടന്‍ യൂണിയന് 5 ലക്ഷം കോടി രൂപ നല്‍കേണ്ടി വരുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയര്‍ ബ്രിട്ടന് മുന്നറിയിപ്പു നല്‍കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പര്യടനം നടത്തുന്നതിനിടെ ബാര്‍ണിയര്‍ ഇതു സംബന്ധിച്ച കണക്ക് യൂണിയന്‍ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. 2020 അവസാനം വരെ യൂറോപ്യന്‍ യൂണിയന്‍ ബജറ്റിലേക്ക് ബ്രിട്ടന്‍ നല്‍കേണ്ടുന്ന തുക കൂടി ഉള്‍പ്പെടുത്തിയാണ് ഈ നഷ്ടപരിഹാരത്തുക നിശ്ചയിച്ചിരിക്കുന്നത്. പെന്‍ഷന്‍ ബാധ്യതകള്‍, ലോണ്‍ ഗ്യാരണ്ടികളുമായി ബന്ധപ്പെട്ട പേമെന്റുകള്‍ തുടങ്ങിയ തുകകളും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളെ എങ്ങനെ സമീപിക്കണം എന്നാലോചിക്കാന്‍ കൂടിയ സുപ്രധാന യോഗത്തില്‍ തെരേസാ മേയുടെ അസാന്നിധ്യവും ശ്രദ്ധേയമായി. ഫെബ്രുവരിയില്‍ ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടിയിലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പങ്കെടുക്കില്ലെന്നാണ് സൂചന. ബ്രിട്ടനുമായുള്ള ഭാവി ബന്ധം എങ്ങനെയാകണമെന്ന ചര്‍ച്ചകളാകും ഇതില്‍ പ്രധാനമായും ഉയര്‍ന്നുവരിക.

ഉച്ചകോടിയില്‍ തെരേസ മേയും പങ്കെടുക്കുന്നുണ്ടെങ്കിലും അതിനുശേഷമുള്ള ഈ യോഗത്തില്‍ ബ്രിട്ടന്‍ പങ്കെടുക്കില്ല. എന്നാല്‍ കൗണ്‍സില്‍ ഉച്ചകോടിയില്‍ സിറിയന്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബ്രിട്ടന്‍ അവതരിപ്പിക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഉച്ചകോടിക്കിടെ ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുമായി തെരേസ മേ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റുമായും തെരേസ മേയ് കൂടിക്കാഴ്ച നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.