1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, 50 ആം അനുച്ഛേദം നടപ്പിലാക്കാന്‍ പര്‍ലമെന്റില്‍ വോട്ടെടുപ്പ് വേണമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി, തെരേസ മേയ് സര്‍ക്കാരിന് തിരിച്ചടി. ബ്രെക്‌സിറ്റിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലെന്ന പ്രധാനമന്ത്രി തെരേസ മെയുടെ വാദത്തിനും ഇതോടെ കനത്ത തിരിച്ചടിയേറ്റു. പാര്‍ലമെറ്റില്‍ വോട്ടിനിടാതെതന്നെ അടുത്ത വര്‍ഷം മാര്‍ച്ചോടെ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് തെരേസ അറിയിച്ചിരുന്നു.

ഭരണഘടനയനുസരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനാണ് പരമാധികാരമെന്ന് ചീഫ് ജസ്റ്റിസ് ലോഡ് തോമസ് വ്യക്തമാക്കി. ബ്രെക്‌സിറ്റ് സംബന്ധിച്ച സര്‍ക്കാറിന്റെ വാദഗതികള്‍ കോടതിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 1972 ലെ യൂറോപ്യന്‍ കമ്യൂണിറ്റീസ് ആക്ട് അത് പിന്തുണക്കുന്നില്ല. യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടുതലിനായുള്ള പ്രക്രിയകള്‍ ആരംഭിക്കുന്നതിന് രാജഭരണത്തിനു കീഴിലുള്ള സര്‍ക്കാറിന് അധികാരമില്ല.

പാര്‍ലമെന്റിന് യൂറോപ്യന്‍ യൂനിയനുമായി ചര്‍ച്ച നടത്തി നടപടി തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. 50 ആം അനുച്ഛേദം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് ലിസ്ബന്‍ കരാര്‍ പ്രകാരം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ഔദ്യോഗിക നടപടികളുടെ ആദ്യ പടിയാണ്. കോടതിവിധിയില്‍ നിരാശയുണ്ടെന്നും എന്നാല്‍, വിധി മാനിക്കുന്നുവെന്നും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്‌സ് പ്രതികരിച്ചു. ഹൈകോടതി വിധിക്കെതിരെ മന്ത്രിമാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. യുകിപ് നേതാവ് നൈജല്‍ വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ചു.

അതേസമയം, ബ്രെക്‌സിറ്റ് നടപടികളില്‍ കാലതാമസം വരാതിരിക്കാനാണ് കോടതി വിധിയെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ജനവിധി അംഗീകരിക്കുന്നു. അതോടൊപ്പം നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.