1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2020

സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ഇന്ന് യാഥാര്‍ഥ്യമാകും. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ പരിസമാപ്തിയാകുക. ബ്രിട്ടീഷ് സമയം ഇന്ന് രാത്രി 11-ന് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും. 47 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍ ഇ.യുവിന്റെ പുറത്തു കടക്കും.

ബ്രെക്സിറ്റിനു മുന്നോടിയായി രാത്രി 10ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. മുൻകൂട്ടി തയാറാക്കിയ വിഡിയോ സന്ദേശത്തിലൂടെയാകും പ്രധാനമന്ത്രി സന്ദേശം പങ്കുവയ്ക്കുക. നാളെ രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തുന്നതോടെ യൂറോപ്പിൽ ബ്രെക്സിറ്റിന് ഔദ്യോഗിക വിളംബരമാകും

“പുതിയ തുടക്കം“ എന്നായിരുന്നു ബ്രെക്സിറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രതികരണം. വെസ്റ്റ്മിനിസ്റ്ററിൽ രാവിലെ മുതൽ ബ്രെക്സിറ്റിനെ അനുകൂലിച്ചും എതിർത്തും പ്രകടനങ്ങൾ നടക്കുന്നുണ്ട്. ബ്രെസ്കിറ്റ് സ്മരണാർഥം തയാറാക്കിയ പുതിയ 30 ലക്ഷത്തോളം 50 പെൻസ് നാണയങ്ങൾ നാളെ വിപണിയിലിറങ്ങും. ‘പീസ്, പ്രോസ്പിരിറ്റി ആൻഡ് ഫ്രണ്ട്ഷിപ്പ് വിത്ത് ഓൾ നേഷൻസ്’ എന്ന് ആലേഖനം ചെയ്ത നാണയങ്ങളാണ് നാളെ പുറത്തിറങ്ങുന്നത്.

2019 മാർച്ച് 29നായിരുന്നു ബ്രെക്സിറ്റ് നടപ്പാക്കേണ്ടിയിരുന്ന ആദ്യ തിയ്യതി. പക്ഷേ തെരേസാ മേ മന്ത്രിസഭയിലെ മുതര്‍ന്നവര്‍ പോലും ബ്രെക്സിറ്റിന്റെ പേരില്‍ രാജിവച്ചു പുറത്തുപോയി. ബ്രെക്സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാകേണ്ട കരാറിനെ ചൊല്ലി പാര്‍ലമെന്റില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നു. തെരേസാ മേ അവതരിപ്പിച്ച ഒരു കരാറും പാസായില്ല.

തെരേസാ മേ യൂറോപ്യന്‍ യൂണിയനോട് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഇ.യു ഒക്ടോബര്‍ 31 വരെ ബ്രിട്ടനു സമയം നീട്ടിനല്‍കി. ബ്രെക്സിറ്റ് നടപ്പാക്കുക എന്ന ജനഹിതം നടപ്പാക്കാന്‍ കഴിയാത്തതില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് തെരേസാ മേയും പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

നാലു വര്‍ഷത്തോളം നീണ്ട നിരവധി നാടകീയതകള്‍ക്കൊടുവിലാണ് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകുന്നത്. നാലു വര്‍ഷത്തിനിടെ ബ്രിട്ടനില്‍ മൂന്ന് പൊതു തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വന്നു. രണ്ട് പ്രധാനമന്ത്രിമാര്‍ രാജിവെച്ചു.
ഒടുവില്‍ ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകുമ്പോഴും ബ്രിട്ടന്‍ ഇനി എന്തു നേടും എന്ന ചോദ്യം ബാക്കിയാണ്. യൂറോപ്പിലെങ്ങും സങ്കുചിത ദേശീയത ഉദയം ചെയ്ത കാലത്താണ് ബ്രെക്സിറ്റെന്ന ആശയത്തിന്റെ തുടക്കമെന്നതും ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.