സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, ഗുരുതര ആരോപണവുമായി തെരേസാ മേയ്. തിരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിച്ച് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ താളം തെറ്റിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഏതുവിധേനെയും നേരിടുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നിര്‍ദേശം രാജ്ഞിയെ നേരില്‍കണ്ടു സമര്‍പ്പിച്ചശേഷം നടത്തിയ പ്രസ്താവനയിലാണ് ഭീഷണിയുടെ സ്വരത്തിലാണ് ഇയു നേതാക്കള്‍ സംസാരിക്കുന്നതെന്നും ഇത് ജൂണ്‍ എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഉന്നം വച്ചാണെന്നും തെരേസാ മേയ് ആഞ്ഞടിച്ചത്.
ഇതിനിടെ, യൂറോപ്യന്‍ യൂണിയന്‍ വിട്ടു പുറത്തുവരാന്‍ ബ്രിട്ടന്‍ 100 ബില്യന്‍ യൂറോ (84 ബില്യണ്‍ പൗണ്ട്) നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന ‘ഡിവോഴ്‌സ് ബില്ലി’ലെ വ്യവസ്ഥ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ തള്ളി. ഏതു സാഹചര്യത്തിലും നിയമപരമായി നല്‍കാന്‍ ബാധ്യതപ്പെട്ട തുക മാത്രമേ ബ്രിട്ടന്‍ നല്‍കൂ എന്നായിരുന്നു ബ്രെക്‌സിറ്റ് സെക്രട്ടറിയുടെ വിശദീകരണം.
എന്നാല്‍ ഇക്കാര്യത്തില്‍ രമ്യമായ ഒത്തുതീര്‍പ്പിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിക്കുന്ന മൈക്കിള്‍ ബാര്‍ണിയര്‍ വ്യക്തമാക്കി. ചീഫ് നെഗോഷ്യേറ്ററെ മാത്രം കണ്ട് ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ നടത്താന്‍ തെരേസാ മേയ്ക്ക് അവസരം ഒരുക്കുന്ന ഇയു നടപടിയോടും ബ്രിട്ടന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.എല്ലാ രാഷ്ട്രത്തലവന്‍മാരോടും കൂടിയാലോചിച്ച് ബ്രക്‌സിറ്റിന് വഴിയൊരുക്കാനാണ് മേയുടെ ശ്രമം.
ഇതിന് ഇയു അവസരമൊരുക്കുന്നില്ലെന്നും മേയ് ആരോപിച്ചു. ബ്രിട്ടനും ഇയുവും കടുത്ത നിലപാടുകളും പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയതോടെ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ കൂടുതല്‍ കീറാമുട്ടുയാകുമെന്ന് ഉറപ്പായി. നേരത്തെ ആരംഭിച്ച ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള പുറത്തുപോകല്‍ ചര്‍ച്ചകളും എങ്ങുമെത്താതെ ചുറ്റിത്തിരിയുകയാണ്. ചര്‍ച്ചകളില്‍ തെരേസാ മേയ് സര്‍ക്കാരിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുകയാണെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല