സ്വന്തം ലേഖകന്‍: കടുംപിടുത്തങ്ങളില്‍ അയവില്ലാതെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും, കീറാമുട്ടിയായി എങ്ങുമെത്താതെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം നടപ്പാക്കുന്നനുള്ള ആര്‍ട്ടിക്കിള്‍ 50 സംബന്ധിച്ച ചര്‍ച്ചകളില്‍ ഇരുപക്ഷത്തിന്റേയും കടുംപിടുത്തങ്ങള്‍ തലവേദനയാകുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ചര്‍ച്ചകളില്‍ ബ്രിട്ടനും ഇയുവും തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കറും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലായിരുന്നു രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമായത്. ചര്‍ച്ചയില്‍ ഉടനീളം ഇരു പക്ഷവും തമ്മിലുള്ള വിയോജിപ്പുകള്‍ പ്രകടമായത് ബ്രെക്‌സിറ്റ് നടപടി ക്രമങ്ങളുടെ സുഖമമായ നടത്തിപ്പിനെക്കുറിച്ച് ആശങ്ക പരത്തുന്നുമുണ്ട്.
ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ മറ്റേതോ ലോകത്താണെന്നാണ് ജങ്കര്‍ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചത്. ബ്രെക്‌സിറ്റ് സംബന്ധിച്ച് ബ്രിട്ടന്‍ വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളും ഉന്നയിക്കുന്ന ആവശ്യങ്ങളും ആ രീതിയിലുള്ളതാണെന്നും അദ്ദേഹം പരിഹസിച്ചു. ഇയുവിനെ സംബന്ധിച്ചാണ് ആ പ്രസ്താവന ശരിയെന്നായിരുന്നു ബ്രിട്ടന്റെ തിരിച്ചടി. ഇരു പക്ഷത്തുനിന്നും ഉയരുന്ന ഇത്തരം പരാമര്‍ശങ്ങള്‍ക്കിടെ കൂടുതല്‍ സങ്കീര്‍ണവും പ്രധാനപ്പെട്ടതുമായ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ അതേപോലെ പരിഹരിക്കാനാകാതെ കിടക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല