1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനുമായുള്ള വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ അംഗീകാരം. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിടുന്നതിന്റെ സുദീർഘമായ ബ്രെക്സിറ്റ് നടപടിക്രമങ്ങളിലെ അവസാനത്തേതാണിത്. പരസ്പരം തീരുവകൾ ഒഴിവാക്കിയുള്ള സ്വതന്ത്രവ്യാപാരക്കരാറിന് അംഗീകാരം ലഭിച്ചതു വ്യാപാര പങ്കാളിയായും സഖ്യരാഷ്ട്രമായും ഇയുവുമായി പുതിയ ബന്ധത്തിനു സുസ്ഥിരത നൽകുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. അഞ്ചിനെതിരെ 660 വോട്ടുകൾക്കാണ് കരാർ പാസായത്. 32 അംഗങ്ങൾ വിട്ടുനിന്നു.

ബ്രെക്സിറ്റ് കരാർ പ്രധാന കടമ്പ കടന്നപ്പോൾ ബ്രിട്ടനിൽ ഫ്ലാറ്റ് മോടി കൂട്ടി പുലിവാല് പിടിച്ചിരിക്കുകയാണ് ബോറിസ് ജോൺസൺ. കൺസർവേറ്റിവ് പാർട്ടി അനുയായികളായ വൻകിടക്കാരിൽ നിന്ന് രഹസ്യ സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന ആരോപണമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് വിനയായത്. ജോൺസൻ 2 ലക്ഷം പൗണ്ട് (2 കോടിയിലേറെ രൂപ) ചെലവാക്കി സ്വന്തം ഫ്ലാറ്റ് മോടി പിടിപ്പിച്ചത് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിക്കുകയും ചെയ്തു.

വസതി നവീകരണത്തിന് വർഷം തോറും 30,000 പൗണ്ട് (ഏകദേശം 31 ലക്ഷം രൂപ) പൊതു ഖജനാവിൽനിന്ന് അനുവദിച്ചിട്ടുള്ളതാണ്. പ്രധാനമന്ത്രി ചെയ്തതു ചട്ടവിരുദ്ധമെന്നു തെളിഞ്ഞാൽ പിഴയടയ്ക്കേണ്ടി വരും. ചെലവാക്കിയതു സ്വന്തം പണമാണെന്നാണു ജോൺസൻ അവകാശപ്പെട്ടതെങ്കിലും രഹസ്യ സംഭാവന സ്വീകരിച്ചിരിക്കാനുള്ള സാധ്യത അദ്ദേഹത്തിന്റെ മുൻ ഉപദേഷ്ടാവ് ‍ഡൊമിനിക് കമിങ്സ് ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്നു.

സ്വകാര്യ വ്യക്തികളിൽനിന്നു പ്രധാനമന്ത്രി പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം 28 ദിവസത്തിനുള്ളിൽ പരസ്യപ്പെടുത്തണമെന്നാണു ചട്ടം. വിവാദം ഏറ്റുപിടിച്ച് പ്രതിപക്ഷത്തെ ലേബർ പാർട്ടി ജോൺസനെതിരെ രംഗത്തുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെയാണു ഫ്ലാറ്റ് വിവാദം. ഡൗണിങ് സ്ട്രീറ്റിലുള്ള 11ാം നമ്പറിലെ 4 കിടപ്പുമുറിയുള്ള ഫ്ലാറ്റാണു ജോൺസനും പങ്കാളി ക്യാരി സിമോൻസും മോടി പിടിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.