1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2020

സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ നാല്പത്തിയേഴ് വര്‍ഷത്തെ ബന്ധത്തിനു അവസാനമായി. യൂറോപ്യൻ യൂണിയനില്‍ നിന്നു പുറത്തുപോകുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. ഇതോടെ ഇയു അംഗസംഖ്യ ഇരുപത്തിയേഴായി.

ബ്രിട്ടീഷ് സമയം രാത്രി 11നാണ് (ഇന്ത്യൻ പുലർച്ചെ 4.30) ബ്രെക്സിറ്റ് പ്രാബല്യത്തിൽ വന്നത്. ബ്രെക്സിറ്റിന് തൊട്ടുമുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ‘യുകെയില്‍ ഒരു പുതിയ യുഗത്തിന്റെ ഉദയം’ എന്നാണ് ചരിത്ര നിമിഷത്തെ വിശേഷിപ്പിച്ചത്.

47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് യുകെ പുറത്തുകടക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ സമ്മിശ്രമായാണ് ഇതിനോട് പ്രതികരിക്കുന്നത്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരും അല്ലാത്തവരുമായി രണ്ട് വിഭാഗങ്ങള്‍ നേരത്തെ തന്നെ ബ്രിട്ടനിലുണ്ട്. ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് വാഗ്‍ദാനം ചെയ്‍ത് തിരഞ്ഞെടുപ്പിനെ നേരിട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു വിജയിച്ചത്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവര്‍ക്കാണ് രാജ്യത്ത് മുന്‍തൂക്കം.

ജനുവരി 31-ന് ബ്രസ്സല്‍സില്‍ രാത്രി 12 മണിയും ബ്രിട്ടനില്‍ സമയം രാത്രി 11 മണിയും ആയപ്പോൾ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവര്‍ ആഹ്ളാദ പ്രകടനവുമായി തെരുവിലിറങ്ങി. യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ കത്തിച്ചുകൊണ്ടാണ് ഇവര്‍ ആഘോഷിച്ചത്. ഏറെ കാലമായി കാത്തിരുന്നത് സംഭവിച്ചതിന്‍റെ സന്തോഷത്തില്‍ അവര്‍ ആക്രോശിച്ചുകൊണ്ടിരുന്നു.

ലണ്ടനില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് മുന്നിലും ജനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ കത്തിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്‍തു. അതേസമയം, യൂറോപ്യന്‍ യൂണിയനെ പിന്തുണയ്ക്കുന്നവര്‍ വേദനയോടെയാണ് വിടപറയുന്നത്. ഇവരെ പരിഹസിച്ചുകൊണ്ടാണ് ബ്രെക്സിറ്റ് അനുകൂലികള്‍ ബൈ ബൈ ഇയു, നിങ്ങളെയോര്‍ത്ത് നാണക്കേട് എന്നൊക്കെ സ്‍‍കോട്ടിഷ് ഗാനമായ ഓള്‍ഡ് ലാങ് സൈനെയുടെ താളത്തില്‍ പാടിയത്.

ലണ്ടനിലും മറ്റു വൻ നഗരങ്ങളിലും ആഘോഷം മുറുകിയപ്പോൾ എക്കാലവും ബ്രെക്സിറ്റിനെ എതിർത്ത സ്കോട്ട്ലൻഡിലെ സിറ്റി സെന്ററുകളിൽ ഇതിനെതിരെ പ്രകടനങ്ങൾ ഉണ്ടായി. ബ്രെക്സിറ്റിൽ നിരാശരായവർ തിരിതെളിച്ച് വേർപാടിന്റെ വേദന മറച്ചു. മൗനമായ ഈ സ്കോട്ടീഷ് സമ്മർദം വരും ദിവസങ്ങളിൽ ബ്രിട്ടനിൽ വലിയ രാഷ്ട്രീയ സമ്മർദമാകുമെന്ന് ഉറപ്പാണ്. സ്വതന്ത്ര സ്കോട്ട്ലൻഡിനായുള്ള വാദം വീണ്ടും തലയുയർത്തിക്കഴിഞ്ഞു.

ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലായി ബ്രിട്ടീഷ് സർക്കാർ ‘വ്യാപാരം ചെയ്യാൻ തയാറാണ്’ എന്ന കാമ്പയിൻ ശനിയാഴ്ച മുതൽ ആരംഭിക്കും. ഇന്ത്യയുമായുള്ള ‘പുതിയതും മെച്ചപ്പെട്ടതുമായ’ വ്യാപാര ബന്ധത്തിൽ പ്രതിജ്ഞാബദ്ധരാണ്, ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്തതിനാൽ, അനിയന്ത്രിതമായ ചർച്ചകളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ട് എന്ന ബ്രിട്ടന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.