1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നീട്ടാന്‍ അനുമതിയായി; ബില്‍ പാസായത് ഒരു വോട്ടിന്; യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ചര്‍ച്ച നടത്തും. ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസാക്കി. പ്രഭുസഭയുടെ അനുമതി കൂടി ലഭിച്ചാല്‍ ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച നടത്തും.

ഏപ്രില്‍ 12ആണ് ബ്രെക്‌സിറ്റിനായി യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് നല്‍കിയിട്ടുള്ള സമയ പരിധി. അത് അടുത്തിരിക്കെയാണ് ബദല്‍ നിര്‍ദേശവുമായി ചില എംപിമാര്‍ രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് സമയ പരിധി നീട്ടാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടാനാണ് നിര്‍ദേശം.

പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എംപി യെവറ്റ് കൂപ്പറും കണ്‍സര്‍വേറ്റീവ് എംപി ഒലിവര്‍ ലെറ്റ്വിനും ഉള്‍പ്പെടെയുള്ള ഒരു ഗ്രൂപ്പാണു ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ അനുകൂലിച്ച് 313 പേരും എതിര്‍ത്ത് 312 പേരും വോട്ടു ചെയ്തു.

കരാറില്ലാതെയുള്ള ബ്രെക്‌സിറ്റ് പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രഭുസഭ കൂടി ബില്‍ പാസാക്കേണ്ടതുണ്ട്. പുതിയ ബ്രെക്‌സിറ്റ് തീയതി മേ നിര്‍ദേശിക്കണമെന്നും ഇതിനു യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം വാങ്ങണമെന്നുമാണ് കോമണ്‍സ് പാസാക്കിയ ബില്ലില്‍ പറയുന്നത്. ഇതിനിടെ ഇന്നലെ രണ്ടാംദിവസവും ബ്രെക്‌സിറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി തെരേസാമേയും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജറമി കോര്‍ബിനും ചര്‍ച്ച നടത്തി.

കോര്‍ബിനുമായി ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ച് മേയുടെ കാബിനറ്റിലെ രണ്ടു ജൂണിയര്‍മന്ത്രിമാര്‍ രാജിവയ്ക്കുകയുണ്ടായി. ഇതിനിടെ ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി, ഗ്രീന്‍സ് പാര്‍ട്ടി തുടങ്ങിയവ ആവശ്യപ്പെട്ടിട്ടുണ്ട്. ജനഹിതപരിശോധന കൂടാതെ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോകരുതെന്നു ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസനുംനിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.