1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് തുലാസില്‍; ബ്രിട്ടനോട് വിട പറയാനൊരുങ്ങി സോണിയും പാനാസോണികും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍; ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതിനെതിരെ എംപിമാര്‍ക്ക് മുന്നറിയിപ്പുമായി തെരേസാ മേയ്; മേയുടെ സമീപനമാണ് പ്രശ്‌നമെന്ന് കോര്‍ബിന്‍. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന പ്രതിസന്ധി ഒഴിവാക്കുകയാണ് സോണി, പാനാസോണിക് തുടങ്ങിയ കമ്പനികളുടെ പിന്മാറ്റത്തിന്റെ ലക്ഷ്യം. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് വന്‍കിട കമ്പനികളേയും ബ്രെക്‌സിറ്റ് ഇഴഞ്ഞു നീങ്ങുന്നത് പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് പല വിധത്തില്‍ തങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ കമ്പനികള്‍. അത് മുന്നില്‍ കണ്ടാണ് ഇലക്ട്രോണിക് രംഗത്തെ പ്രമുഖ ജാപ്പനീസ് കമ്പനി സോണി, യൂറോപ്പിലെ പ്രധാനകേന്ദ്രം ബ്രിട്ടനില്‍ നിന്നും നെതര്‍ലാന്‍ഡ്‌സിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ ഉണ്ടാകുന്ന നികുതി പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും തീരുമാനം സഹായിക്കുമെന്നാണ് സോണി കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

യൂറോപ്പ്യന്‍ യൂണിയന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം സഹായിക്കുമെന്ന് സോണി വക്താവ് തകാഷി ലിഡ പറഞ്ഞു. സോണിയുടെ പ്രധാന ശത്രുവായ പാനാസോണികും ആസ്ഥാനകേന്ദ്രം ആംസ്റ്റര്‍ഡാമിലേക്ക് മാറ്റിയിട്ടുണ്ട്. നികുതി പ്രശ്‌നങ്ങള്‍ തന്നെയാണ് അവരും ചൂണ്ടിക്കാണ്ടുന്നത്. തൊഴില്‍ അവസരങ്ങളുടെ കാര്യത്തില്‍ വലിയ നേട്ടം ബ്രെക്‌സിറ്റ് മൂലമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ഇരു കമ്പനികളും. ഉപകരണ നിര്‍മാതാക്കളായ ഡൈസണും തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റി.

വന്‍കിട കമ്പനികള്‍ മാത്രമല്ല, പ്രമുഖ ജാപ്പനീസ് ബാങ്കുകളും, കാര്‍ നിര്‍മാതാക്കളും ബ്രിട്ടനില്‍ നിന്ന് പിന്‍മാറുകയാണ്. യാതൊരു കരാറിലുമെത്താതെ ബ്രെക്‌സിറ്റ് നടപ്പായാല്‍ തങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമെന്നാണ് ടൊയോട്ട പറയുന്നത്. ഹോണ്ട ഏപ്രില്‍ മാസം ആറ് ദിവസം താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ ബ്രിട്ടന്‍ സന്ദര്‍ശിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ നോ ഡീല്‍ ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരുന്നു.

ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. തന്റെ കരാറിനെ പിന്തുണക്കുന്നതാണ് രാജ്യത്തിന്റെ ഭാവിക്ക് നല്ലതെന്ന് മേ പറഞ്ഞു. പ്രധാനമന്ത്രിക്ക് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ മധ്യസ്ഥന്‍ മൈക്കല്‍ ബാര്‍ണിയറും രംഗത്തെത്തി. കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകേണ്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും, ഉടന്‍ പ്രായോഗികമായ തീരുമാനങ്ങളെടുക്കണമെന്നും മൈക്കല്‍ ബാര്‍ണിയര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂനിയനുമായി കൂടിയാലോചിച്ച് പുതിയ കരാറുണ്ടാക്കണമെന്നും ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് തെരേസ മേ രംഗത്തെത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ വൈകിപ്പിച്ചതുകൊണ്ട് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും, ആ തീരുമാനം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിന് സമമാണെന്നും തെരേസ മേ പറഞ്ഞു.

അതിനിടെ, ബ്രെക്‌സിറ്റ് വിഷയത്തില്‍ മേയ് തുറന്ന സമീപനം സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ കുറ്റപ്പെടുത്തി. എന്നാല്‍, ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ നിരസിച്ച കോര്‍ബിന് ബ്രെക്‌സിറ്റ് സംബന്ധിച്ച് വലിയ ധാരണയൊന്നുമില്ലെന്നായിരുന്നു മേയുടെ പ്രതികരണം.

അതേ സമയം, ബ്രിട്ടന്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീളുന്നതെന്നും , കരാറില്‍ പുനരാലോചന വേണമെന്നഭിപ്രായപ്പെടുന്നവര്‍ പ്രായോഗികമായ പരിഹാരമാര്‍ഗങ്ങളാണാണ് നിര്‍ദ്ദേശിക്കേണ്ടതെന്നും യൂറോപ്യന്‍ യൂണിയന്‍ മധ്യസ്ഥന്‍ മൈക്കല്‍ ബാര്‍ണിയര്‍ പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് പുതിക്കിയ കരാറില്‍ വോട്ടെടുപ്പ് നടക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.