1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പുതിയ തലവേദനയായി തര്‍ക്കപ്രദേശമായ ജിബ്രാള്‍ട്ടര്‍, പിടിവലിയുമായി യുകെയും സ്‌പെയിനും. യുകെയും സ്‌പെയ്‌നും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപായ ജിബ്രാള്‍ട്ടറിന്റെ അവകാശത്തെ സംബന്ധിച്ച് തീരുമാനെടുക്കുന്നതില്‍നിന്ന് ബ്രിട്ടനെ വീറ്റോ ചെയ്യാന്‍ സ്‌പെയിന് യൂറോപ്യന്‍ യൂണിയന്‍ അധികാരം നല്‍കിയതാണ് പുതിയ പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്.

ജിബ്രാള്‍ട്ടറിനെ ബ്രെക്‌സിറ്റിന്റെ ഭാഗമായി പുറത്തെത്തിക്കാന്‍ യുകെ ശ്രമിച്ചാല്‍ സ്‌പെയിന് വീറ്റോ ചെയ്യാം. ഇങ്ങനെ ചെയ്യുന്ന വീറ്റോ മുഴുവന്‍ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കും ബാധകവുമായിരിക്കും. വെള്ളിയാഴ്ച യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച രേഖയില്‍ പ്രദേശത്തെ സംബന്ധിച്ച തീരുമാനം സ്‌പെയിന്‍ സര്‍ക്കാറിനാണെന്ന് വ്യക്തമാക്കിയതും ബ്രിട്ടനെ ചൂടുപിടിപ്പിച്ചിട്ടുണ്ട്.

സ്‌പെയിനിന്റെ തെക്കന്‍ മുനമ്പില്‍ സ്ഥിതിചെയ്യുന്ന ജിബ്രാള്‍ട്ടര്‍ 2002 ല്‍ നടന്ന ഹിതപരിശോധനയില്‍ ബ്രിട്ടനോടൊപ്പം നില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, 2016 ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 97 ശതമാനം പേരും യൂറോപ്യന്‍ യൂനിയനില്‍ തുടരാനാണ് വിധിയെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രെക്‌സിറ്റിനു ശേഷം ജിബ്രാള്‍ട്ടര്‍ ബ്രിട്ടനോടൊപ്പം തുടരുന്നതില്‍ എതിര്‍പ്പുമായി സ്‌പെയില്‍ പിടിമുറുക്കുകയായിരുന്നു.

ബ്രെക്‌സിറ്റ് വിഷയത്തില്‍ ധാരണയാകുമ്പോള്‍ ജിബ്രാള്‍ട്ടര്‍ അതില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്ന ഉറച്ച നിലപാടിലാണ് സ്‌പെയിന്‍ എന്നതിനാല്‍ കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കാനോ, അല്ലെങ്കില്‍ ജിബ്രാള്‍ട്ടറിനു മേലുള്ള അവകാശവാദങ്ങള്‍ ഉപേക്ഷിക്കാനോ ബ്രിട്ടന്‍ നിര്‍ബന്ധിരാകും. എന്നാല്‍ ബ്രെക്‌സിറ്റിനോടുള്ള പ്രതികാര നടപടിയായി യൂറോപ്യന്‍ യൂണിയന്‍ സ്‌പെയിന് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്നാണ് ചില ബ്രിട്ടീഷ് എംപിമാര്‍ വാദിക്കുന്നത്.

യൂണിയെന്റ തീരുമാനം സ്‌പെയിനിന്റെ ലോബിയിങ്ങിന്റെ ഫലമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോയിസ് ജോണ്‍സനും ജിബ്രാള്‍ട്ടര്‍ മുഖ്യമന്ത്രി ഫാബിയന്‍ പികാര്‍ഡോയും ആരോപിച്ചു. ബ്രിട്ടന്റെ ഭാഗമായി തുടരാനുള്ള ജിബ്രാള്‍ട്ടറിന്റെ ആഗ്രഹത്തെ പിന്തുണക്കുമെന്നും ബോയിസ് ജോണ്‍സന്‍ അറിയിച്ചു. സ്‌പെയിനും ബ്രിട്ടനും തമ്മില്‍ 300 വര്‍ഷത്തോളം പഴക്കമുള്ള അവകാശത്തര്‍ക്കമാണ് ബ്രെക്‌സിറ്റോടെ പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.