1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2019

സ്വന്തം ലേഖകൻ: ബ്രെക്സിറ്റിൽ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ കരാറിന് ധാരണ. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുടെ കൂടിക്കാഴ്ചയ്ക്കു മുൻപാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാര ഫോർമുല ഉരുത്തിരിഞ്ഞത്. ബ്രെക്സിറ്റിൽ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെ പൗണ്ടിന്റെ നിരക്ക് ഒരു ശതമാനത്തോളം ഉയർന്ന് ഡോളറിന് 1.29 എന്ന നിലയിലെത്തി.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ജീൻ ക്ലോഡ് ജങ്കറും ഏകദേശം ഒരേ സമയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരാറിന്റെ നിയമവശങ്ങള്‍ സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. ബ്രിട്ടിഷ് പാര്‍ലമെന്റിന്റേയും യൂറോപ്യൻ യൂണിയന്റെയും അംഗീകാരം കരാറിനു വേണ്ടിവരും. ഇതിനു മുന്നോടിയായുള്ള ദ്വിദിന ചർച്ചയ്ക്കായി ബോറിസ് ജോൺസൺ ബ്രസൽസിലേക്ക് തിരിക്കും.

യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്നു പിരിയാനുള്ള പുതിയ കരാർ നിർദേശങ്ങളുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കൺസർവേറ്റിവ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച കരാർ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചില്ലെങ്കിൽ കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും ജോൺസൻ നേരത്തെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ ജോൺസന്റെ പുതിയ കരാറിനും ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം നേടുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. പുതിയ ധാരണയ്ക്കെതിരെ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. തെരേസ മേയെക്കാൾ മോശം കരാറിനാണ് ബോറിസ് ജോൺസൺ ഏർപ്പെടുന്നതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.