1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2018

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വത്തിന് ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വമെടുക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ഇരട്ടിയിലധികം ആളുകളാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വം നേടിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ പ്രകാരം 2016 ല്‍ 6555 ബ്രിട്ടീഷുകാരാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വം സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ 2015 ല്‍ ഇത്തരത്തില്‍ പൗരത്വം സ്വീകരിച്ചിട്ടുള്ളവരുടെ എണ്ണം കേവലം 2478 മാത്രം. ജര്‍മ്മനിയാണ് ബ്രിട്ടീഷുകാരുടെ ഇഷ്ട താവളമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജര്‍മ്മന്‍ പൗരത്വം നേടിയവര്‍ 2702 പേരാണ്. അതേസമയം ഫ്രാന്‍സില്‍ 517 ഉം ബെല്‍ജിയത്തില്‍ 506 പേരുമാണ് പൗരത്വം സ്വീകരിച്ചത്. സൈപ്രസ്, ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചേക്കേറിയവര്‍ കുറവല്ല.

ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇയു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനും സ്ഥിര താമസമുറപ്പിക്കുന്നതിനുമുള്ള സ്വാഭാവിക അവകാശങ്ങള്‍ നഷ്ടമാകും. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടന്റെ ഭാവിയിലുള്ള ഉത്ക്കണ്ഠയും മാറി ചിന്തിക്കുന്നതിന് പ്രേരകമാകുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അയര്‍ലന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്‌സ് കണക്ക് പ്രകാരം 2017 ല്‍ നല്‍കിയ പാസ്‌പോര്‍ട്ടുകളില്‍ അഞ്ചില്‍ ഒന്നും ബ്രിട്ടനില്‍ ജീവിക്കുന്ന ഐറിഷ് പൗരന്മാര്‍ക്കാണ് നല്‍കിയതെന്ന് കണക്കുകള്‍ കാണിക്കുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.