1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശം ഉപയോഗിക്കാന്‍ കഴിയുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളിയത് ബ്രെക്‌സിറ്റ് വേഗത്തിലാക്കാനുള്ള തെരേസ മെയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ബ്രിട്ടീഷ് സര്‍ക്കാറിന് ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാനാവില്ലെന്ന് ഉറപ്പിക്കുന്നതാണ് നിര്‍ണായകമായ വിധി. ആകെയുള്ള 11 ജഡ്ജിമാരില്‍ മൂന്നുപേര്‍ വിധിയോടു വിയോജിച്ചു.

പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ സര്‍ക്കാറിന് ഒറ്റക്ക് ലിസ്ബന്‍ കരാറിലെ 50 ആം അനുഛേദ പ്രകാരം യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങാമെന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്. മാര്‍ച്ച് 31നകം ബ്രെക്‌സിറ്റ് ചര്‍ച്ച തുടങ്ങുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകയും ബിസിനസുകാരിയുമായ ജീന മില്ലര്‍ എന്ന യുവതിയാണ് ബ്രെക്‌സിറ്റ് വിരുദ്ധ സംഘടനകളുടെ പിന്‍ബലത്തോടെ സര്‍ക്കാറിനെതിരെ നിയമപോരാട്ടം നടത്തിയത്.

പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും അനുമതിയോടെ മാത്രമേ ബ്രെക്‌സിറ്റ് നടപടികള്‍ ആരംഭിക്കാനാകൂ എന്നു വിധിച്ച കോടതി പക്ഷേ, ഇതു സംബന്ധിച്ചു സ്‌കോട്ടിഷ്, വെല്‍ഷ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അസംബ്ലികളുടെ അനുമതിയും തേടണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ബ്രെക്‌സിറ്റ് വേണമോ എന്ന ഹിതപരിശോധന നടത്തിയതു പാര്‍ലമെന്റ് അംഗീകാരത്തോടെ ആയിരുന്നുവെന്നും അതിനാല്‍ ഇക്കാര്യത്തിലുണ്ടായ തീരുമാനം നടപ്പാക്കാന്‍ വീണ്ടും പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ല എന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

പ്രധാനമന്ത്രിക്കും സര്‍ക്കാറിനും ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്ന വാദം ശരിവെച്ചുകൊണ്ടാണു സര്‍ക്കാര്‍ വാദങ്ങളെ കോടതി തള്ളിയത്. യൂറോപ്യന്‍ യൂനിയനില്‍ ചേരുന്നതിന്റെ ഭാഗമായി 1972 ല്‍ പാര്‍ലമെന്റ് പാസാക്കിയ ആക്ടില്‍ യൂറോപ്യന്‍ യൂനിയന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ പാസാക്കുന്ന നിയമങ്ങളെല്ലാം ബ്രിട്ടനും ബാധകമായിരിക്കുമെന്ന് അംഗീകരിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ഇക്കാര്യത്തില്‍ മറ്റൊരു ആക്ട് പാസാക്കുന്നതുവരെ ഈ സ്ഥിതി തുടരുമെന്നാണ് 72 ലെ നിയമത്തിലുള്ളത്. അതിനാല്‍ പാര്‍ലമെന്റ് പാസാക്കുന്ന പുതിയ നിയമത്തിലൂടെ മാത്രമേ നിലവിലുള്ള നിയമത്തെ മറികടക്കാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. 650 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 329 ഉം, ലേബര്‍ പാര്‍ട്ടിക്ക് 229 ഉം അംഗങ്ങളാണുള്ളത്.

വിധിയില്‍ അറ്റോണി ജനറല്‍ ജെറി റൈറ്റ് നിരാശ രേഖപ്പെടുത്തി. കോടതി വിധിയെ മാനിക്കുന്നുവെന്നും മുന്‍നിശ്ചയപ്രകാരമുള്ള സമയക്രമത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ അനുമതി നേടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. 2016 ജൂണിലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ജനം വിധിയെഴുതിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.