1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2020

സ്വന്തം ലേഖകൻ: ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് പിന്നാലെ ലണ്ടനിലെ ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ വംശീയ വിദ്വേഷം കലര്‍ന്ന പോസ്റ്ററുകള്‍ പതിച്ചു. ലണ്ടന്‍ നിവാസികളായിട്ടുള്ളവര്‍ ഇനി മുതല്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നാണ് കുറിപ്പിലുള്ളത്. കുറിപ്പ് കണ്ടതിന് പിന്നാലെ നോര്‍വിച്ചിലെ ഈസ്റ്റ് ഇംഗ്ലണ്ട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവര്‍ അവരവരുടെ രാജ്യത്തേക്ക് തിരിച്ചു പോകണമെന്നും നോട്ടീസില്‍ പറയുന്നു. ഇംഗ്ലണ്ടിലെ മാനക ഭാഷഗണത്തില്‍പ്പെടുന്ന ഇംഗ്ലീഷ് (ക്വീന്‍സ് ഇംഗ്ലീഷ്) മാത്രമേ സംസാരിക്കാവൂ എന്നും കുറിപ്പില്‍ പറയുന്നു.

വിന്‍ചെസ്റ്റര്‍ ടവറിലെ 95 ഫ്‌ളാറ്റുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചതായി കണ്ടെത്തിയത്. ‘ഹാപ്പി ബ്രെക്‌സിറ്റ് ഡേ’ എന്ന തലക്കെട്ടില്‍ വന്ന അജ്ഞാത പോസ്റ്റര്‍ ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നിന്നും പെട്ടെന്നു തന്നെ ഒഴിവാക്കിയെങ്കിലും സാമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയായിരുന്നു. 2016ലെ യൂറോപ്യന്‍ യൂണിയനില്‍ നടന്ന ജനഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടണില്‍ വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

“അവസാനം ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം തിരിച്ചു കിട്ടി. ഈ ഫ്‌ളാറ്റുകളില്‍ ഇംഗ്ലീഷല്ലാതെ മറ്റു ഭാഷകള്‍ സംസാരിക്കുന്ന ആളുകളെ അംഗീകരിക്കില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഞങ്ങളുടേതുമാത്രമായ രാജ്യമുണ്ട് മാത്രമല്ല, ഇവിടെ ക്വീന്‍സ് ഇംഗ്ലീഷാണ് മാതൃഭാഷ,” കുറിപ്പില്‍ പറയുന്നു.

എന്നാല്‍ പോസ്റ്റര്‍ പതിച്ച നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. വളരെ മോശപ്പെട്ടതരത്തിലുള്ള പോസ്റ്റര്‍ പതിച്ചതില്‍ അപലപിക്കുന്നതായി നോര്‍വിച്ചിലെ സിറ്റി കൗണ്‍സില്‍ കാബിനറ്റ് മെമ്പര്‍ മൈക്ക് സ്റ്റോണാര്‍ഡ് ദ ഈസ്‌റ്റേര്‍ണ്‍ ഡയ്‌ലി പ്രസിനോട് പറഞ്ഞു.

“ഈ പോസ്റ്റര്‍ പതിച്ച നടപടിയില്‍ ഞാന്‍ അപലപിക്കുന്നു. കഠിനമായ കുറ്റമാണ് ചെയ്തിരിക്കുന്നത്,” മൈക്ക് സ്റ്റോണാര്‍ഡ് പറഞ്ഞു.

“നോര്‍വിച്ചിന് എല്ലാവരെയും സ്വാഗതം ചെയ്യുന്ന തരം സംസ്‌കാരമാണുള്ളത്. ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ സഹിക്കില്ല. ഈ സംഭവം ഉടന്‍ തന്നെ പൊലീസിലറിയിക്കുകയും വേണ്ട അന്വേഷണം നടത്താന്‍ പറയുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഇത് വളരെ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്,” കൗണ്‍സില്‍ വക്താവ് പറഞ്ഞു.

വെള്ളിയാഴ്ച 11 മണിയോടെയാണ് യൂറോപ്യന്‍ യൂണിയനിലെ രാജ്യത്തിന്റെ 47 വര്‍ഷത്തെ അംഗത്വം യു.കെ ഔദ്യോഗികമായി അവസാനിപ്പിച്ചത്. മൂന്നര വര്‍ഷത്തെ ചര്‍ച്ചയ്ക്കും രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കുമാണ് ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാവുന്നതോടെ അറുതിയായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.