1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍ ഭേദഗതിക്കായി യൂറോപ്യന്‍ യൂണിയനെ സമീപിക്കാന്‍ മേയ്; കരാര്‍ അടഞ്ഞ അധ്യായമാണെന്ന് യൂണിയന്‍; പുതുക്കിയ കരാറുമായി മേയ് ഇന്ന് പാര്‍ലമെന്റില്‍. ബ്രക്‌സിറ്റില്‍ പുതുക്കിയ കരാറിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കും. ബ്രക്‌സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ആദ്യ കരാറില്‍ നിന്ന് ഒരുപിടി മാറ്റങ്ങളുമായാണ് മേയ് പുതിയ കരാര്‍ അവതരിപ്പിക്കാനിരിക്കുന്നത്.

ബ്രക്‌സിറ്റിന്റെ നടത്തിപ്പിനേയും തുടര്‍ പ്രവര്‍ത്തനത്തേയും നിര്‍ണയിക്കുന്ന സുപ്രധാന വോട്ടെടുപ്പാണ് ഇന്ന് നടക്കാനിരിക്കുന്നത്. ആദ്യം അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. നിരവധി സുപ്രധാന മാറ്റങ്ങളുമായാണ് പുതിയ കരാര്‍ വരുന്നത്. ബ്രക്‌സിറ്റ് നീട്ടി വെക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ നാളെ സുപ്രധാന തീരുമാനമുണ്ടാകും. ഉപാധികളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. പുതുക്കിയ കരാര്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഉപാധികളില്ലാത്ത ബ്രക്‌സിറ്റിലേക്ക് പോകാന്‍ മേയ്ക്ക് മുകളില്‍ സമ്മര്‍ദ്ദമുണ്ടാകും.

കരാറിലുണ്ടായേക്കാവുന്ന മറ്റൊരു പ്രധാന മാറ്റം വടക്കന്‍ അയര്‍ലന്‍ഡ്‌റിപബ്ലിക് ഓഫ് ഐറിഷ് അതിര്‍ത്തി തര്‍ക്കമായിരിക്കും. എതിര്‍പ്പുള്ള എം.പിമാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചതിന് ശേഷമാണ് പുതിയ കരാര്‍ മേയ് അവതരിപ്പിക്കാന്‍ പോകുന്നത്. ഐറിഷ് ആഭ്യന്തര യുദ്ധത്തിന് അറുതിയുണ്ടാക്കിയ ഗുഡ് ഫ്രൈഡേ കരാറില്‍ തൊടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മേയ് വ്യക്തമാക്കിയിട്ടുണ്ട്. ഐറിഷ് അതിര്‍ത്തികളില്‍ ശക്തമായ പരിശോധന വേണ്ടെന്ന നിലപാടാണ് മേയ്ക്ക്.

ബ്രെക്‌സിറ്റ് കരാറില്‍ ഭേദഗതി അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ഥിക്കുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിവാദ വ്യവസ്ഥകളില്‍ ഭേദഗതിക്കു ശ്രമിക്കുമെന്നാണ് മേ മന്ത്രിസഭയെ അറിയിച്ചത്. എന്നാല്‍, തീരുമാനിച്ചുറപ്പിച്ച കരാര്‍ അടഞ്ഞ അധ്യായമാണെന്നും ഒരു മാറ്റവും അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍. മാര്‍ച്ച് 29നാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.